KeralaTop News

പെരിയ ഇരട്ടക്കൊലപാതക കേസ്; അഞ്ചു വർഷത്തിലേറെ നീണ്ട നിയമ യുദ്ധങ്ങൾക്കൊടുവിൽ വിധി പറയൽ നാളെ

Spread the love

അഞ്ചുവർഷത്തിലേറെ നീണ്ട നിയമ യുദ്ധങ്ങൾക്കൊടുവിലാണ് പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി നാളെ വിധി പറയും. 2019 ഫെബ്രുവരി 17നാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കല്യോട്ട് വച്ച് ഒരു സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത്.

തൊട്ടടുത്ത ദിവസം സിപിഐ എം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ, സുഹൃത്തും സഹായിയുമായ സി ജെ സജി എന്നിവർ അറസ്റ്റിലായി. പീതാംബരനെ പാർട്ടി പുറത്താക്കി. അന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് വിട്ടു. എസ് പി വി എം മുഹമ്മദ് റഫീക്കിന് അന്വേഷണ ചുമതല നൽകി. എന്നാൽ മാർച്ച് 2ന് എസ് പി മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു. പിന്നാലെ സംഘത്തിലെ ഡിവൈഎസ് പിക്കും സി ഐ മാർക്കും മാറ്റം.

പ്രതികൾ എന്ന് കണ്ടെത്തിയവർക്ക് പുറമേ മറ്റു പലരിലേക്കും അന്വേഷണം നീളുന്നു എന്ന സൂചനകൾക്കിടെയായിരുന്നു അഴിച്ചുപണി. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. മെയ് 14ന് സിപിഐഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.

സെപ്റ്റംബർ 30ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണം സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. നവംബർ 19-ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലെത്തിയെങ്കിലും ഡിസംബർ ഒന്നിന് അവിടെയും അപ്പീൽ തള്ളി. തുടർന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. 2021 ഡിസംബർ 3 ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. മൊത്തം 24 പേർ പ്രതിപ്പട്ടികയിൽ. സിപിഐഎം പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ സിബിഐയുമാണ് അറസ്റ്റ് ചെയ്തത്. 2023 ഫെബ്രുവരി 2 ന് കൊച്ചി സിബിഐ കോടതിയിൽ കേസിൽ തുടങ്ങിയ വിചാരണ 2024 ഡിസംബർ 23-നാണ് പൂർത്തിയായത്.