‘ഒരു നൂറ്റാണ്ട് അവസാനിക്കുന്നു’; മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തിൽ അനുശോചിച്ച് ശശി തരൂർ
മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. എന്നെങ്കിലും ലോകം ഓർക്കുമോ? അങ്ങനെയൊരു വിശുദ്ധൻ ഉണ്ട്. ഇന്ന് ഒരു നൂറ്റാണ്ട് അവസാനിച്ചു, ഇന്ന് ഒരു നൂറ്റാണ്ട് അവസാനിക്കുന്നു! തരൂർ കുറിച്ചു.
മഹാനായ, നല്ലവനായ ഒരു മനുഷ്യനെ ഓര്‍ത്ത് ദുഖമാചരിക്കുന്ന രാത്രി എന്നാണ് മന്‍മോഹന്‍ സിങ്ങിനൊപ്പമുള്ള മുന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശശി തരൂര്‍ കുറിച്ചത്. മന്‍മോഹന്‍ സിങ്ങിന്റെ 90-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന ട്വീറ്റും ശശി തരൂര്‍ റീഷെയര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, മൻമോഹൻ സിങ്ങിന്റെ മൃതദേഹം അല്പസമയത്തിനകം വസതിയിൽ എത്തിക്കും. ഇന്നലെരാത്രി 9.51 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഡൽഹി എയിംസിൽ എത്തിക്കുകയായിരുന്നു.
മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങ്ങിന്റെ സംസ്കാരം.
കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മൻമോഹൻ സിങ്ങിനോടുള്ള ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 2025 ജനുവരി മൂന്നിന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും.