സമര്‍ത്ഥനായ ഒരു ബ്യൂറോക്രാറ്റ്; മികച്ച ധനമന്ത്രി; പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തും മുമ്പ് മന്‍മോഹന്‍ സിങ് പ്രവര്‍ത്തിച്ചത് ഏഴ് പ്രധാനമന്ത്രിമാര്‍ക്കൊപ്പം
സമര്‍ത്ഥനായ ഒരു ബ്യൂറോക്രാറ്റും മികച്ച ധനമന്ത്രിയും ആയിരുന്നു മന്‍മോഹന്‍ സിംഗ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുംമുമ്പ് ഡോ. മന്‍മോഹന്‍ സിങ് ഏഴു പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ധനമന്ത്രിയായിരിക്കെ മൂന്നു തവണ രാജിയ്ക്കൊരുങ്ങിയിട്ടും പ്രധാനമന്ത്രി നരസിംഹറാവുവിന്റെ പിന്തുണയില്‍ തല്‍സ്ഥാനത്ത് തുടരുകയായിരുന്നു മന്‍മോഹന്‍ സിംങ്.
അമ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ്, 1971-ലായിരുന്നു ബ്യൂറോക്രാറ്റായുള്ള മന്‍മോഹന്‍ സിംഗിന്റെ ഔദ്ദ്യോഗിക ജീവിതത്തിനു തുടക്കം. കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ റോളിലായിരുന്നു അരങ്ങേറ്റം. അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. ആ കാലത്തെ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി പ്രവര്‍ത്തിച്ചത് മന്‍മോഹന്‍ സിംഗ് ആയിരുന്നു. പിന്നീട് മൊറാര്‍ജി ദേശായി, ചരണ്‍സിങ്, രാജീവ് ഗാന്ധി, വി.പി. സിങ്, ചന്ദ്രശേഖര്‍, പി.വി. നരസിംഹറാവു എന്നിവര്‍ക്കൊപ്പവും മന്‍മോഹന്‍ സിംഗ് പ്രവര്‍ത്തിച്ചു. ഏറ്റവും ശ്രദ്ധേയമായത് പി വി നരസിംഹറാവുവിന്റെ കാലത്ത് മന്‍മോഹന്‍സിംഗ് എടുത്ത് ധീരമായ നിലപാടുകളായിരുന്നു. 1991 ജൂലൈ 24ന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലൂടെയാണ് ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിനു തുടക്കമായത്. മന്‍മോഹന്‍ സിംഗ് തുടങ്ങിവച്ച ഉദാരവല്‍കരണത്തിന് കരുത്തു പകരുന്നതായിരുന്നു പിന്നീട് അവതരിപ്പിക്കപ്പെട്ട എല്ലാ ബജറ്റുകളും.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ തുടങ്ങിയ പദവികളിലും പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ റോളിലും പ്രവര്‍ത്തിച്ച മന്‍മോഹന്‍ സിംഗിന്റെ ബജറ്റുകള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ ചാലകശക്തിയായി മാറി. അധികാരത്തോട് ആര്‍ത്തിയുള്ള ആളായിരുന്നില്ല അദ്ദേഹം. നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ മൂന്നു തവണ മന്‍മോഹന്‍ സിംഗ് രാജിക്ക് ഒരുങ്ങിയിട്ടുണ്ട്. ഓഹരി കുംഭകോണത്തെ തുടര്‍ന്നായിരുന്നു ആദ്യ രാജി നീക്കം. പക്ഷേ പ്രധാനമന്ത്രി നരസിംഹറാവു രാജിക്കത്ത് സ്വീകരിച്ചില്ല. പൊതുവിതരണ ശൃംഖലയിലൂടെ നല്‍കുന്ന സാധനങ്ങളുടെ വില ഉയര്‍ന്നപ്പോഴായിരുന്നു രണ്ടാമത്തെ രാജിനീക്കം. അതും റാവു തടഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുള്ള ചിലരുടെ കടുത്ത വിമര്‍ശനത്തില്‍ മനംനൊന്തായിരുന്നു മൂന്നാമത്തെ രാജി നീക്കം. എന്നാല്‍ അതും നരസിംഹറാവു തടയുകയായിരുന്നു.