‘നാണക്കേടുണ്ടാക്കി’; തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി
തിരുനെൽവേലിയിൽ കേരളത്തിൽ നിന്നുള്ള ആശുപത്രിയിലെ ബയോമെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ കരാർ കമ്പനിയായ സുനേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയിൽപ്പെടുത്തി.ശുചിത്വ മിഷന്റേതാണ് നടപടി. 3 വർഷത്തേക്കാണ് കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്. ശുചിത്വ മിഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് സ്ഥാപനം മറുപടി നൽകിയിരുന്നില്ല. ഇതിന് തൊട്ട് പിന്നാലെയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടി. മാത്രമല്ല സ്ഥാപനത്തിന്റെ നിയമവിരുദ്ധമായ പ്രവർത്തി കാരണം സർക്കാരിനുണ്ടായിട്ടുള്ള മുഴുവൻ ചിലവുകളും ഏറ്റെടുക്കണമെന്നും ശുചിത്വ മിഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
തമിഴ്നാട് സർക്കാർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുടെ അന്വേഷണത്തിൽ സുനേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് ആണ് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അനധികൃത മാലിന്യം തള്ളിയതെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണിത്.
തിരുനെൽവേലിയിലെ കല്ലൂർ,പളവൂർ,കൊണ്ടാനഗരം പഞ്ചായത്തുകളിലാണ് ഒരു മാസത്തിനിടയിൽ പതിനൊന്ന് ഇടങ്ങളിലായി ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ വേസ്റ്റുകൾ കണ്ടെത്തിയത്. കന്നുകാലികൾ കൂട്ടത്തോടെ മേയുന്ന സ്ഥലത്താണ് ബയോ മെഡിക്കൽ വേസ്റ്റുകളും പ്ലാസ്റ്റിക്കും നിറഞ്ഞത്. കൃഷിത്തോട്ടത്തോട് ചേർന്ന് മൃഗങ്ങൾ വെള്ളം കുടിക്കുന്ന കുളങ്ങളിൽ വരെ മാലിന്യക്കൂമ്പാരമായിരുന്നു. സംഭവം വിവാദമായതോടെ കേരളം അടിയന്തരമായി മാലിന്യം നീക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശം നല്കുകയായിരുന്നു.
തമിഴ്നാട് സർക്കാരിന്റെ സഹായത്തോടെയാണ് കേരളം മാലിന്യങ്ങൾ നീക്കം ചെയ്തത്. കേരളത്തിൽ നിന്നുള്ള 70 അംഗസംഘം 6 ടീമുകൾ ആയി തിരിഞ്ഞായിരുന്നു മാലിന്യം നീക്കം ചെയ്തത്.മണ്ണുവാരി യന്ത്രം ഉപയോഗിച്ചാണ് മാലിന്യം ലോറിയിലേക്കു മാറ്റിയത്. വലിയ ടാർപോളിൻ ഉപയോഗിച്ചു മൂടിയാണ് മാലിന്യങ്ങൾ തിരുനെൽവേലിയിൽ നിന്ന് കൊണ്ടുപോയത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാനസർക്കാർ തമിഴ്നാടിനെ അറിയിച്ചിരുന്നു.