രണ്ടാമൂഴം സിനിമയാക്കാത്തതില്‍ എം ടിക്ക് നിരാശയുണ്ടായിരുന്നു; ശ്രീകുമാര്‍ മേനോന്‍
എം ടി വാസുദേവന്‍ നായര്‍ തന്നെ മകനെപ്പോലെയാണ് കണ്ടിരുന്നതെന്ന് അനുസ്മരിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അദ്ദേഹവുമായി അടുത്തിടപെടാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. എം ടിയുടെ സിത്താര എന്ന വീട്ടിലെത്തിയാണ് താന്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ സിനിമയാക്കാന്‍ ചോദിച്ചത്. രണ്ടാമൂഴം സിനിമയാക്കാത്തതില്‍ എം ടിക്ക് നിരാശയുണ്ടായിയെന്നും ശ്രീകുമാര്‍ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടാമൂഴം സിനിമയാക്കാന്‍ സാധിക്കാത്തതില്‍ ബജറ്റ് തന്നെയാണ് വലിയ പ്രതിസന്ധിയെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. താന്‍ മനസില്‍ കണ്ടതുപോലെ ഒരു വിശ്വോത്തര സിനിമയുണ്ടാക്കണമെങ്കില്‍ ബജറ്റ് 500 കോടിയിലോ 600 കോടിയിലോ ഒന്നും നില്‍ക്കില്ല. ആയിരം കോടിയെങ്കിലും ആ പ്രൊജക്ട് തീര്‍ക്കാന്‍ വേണ്ടിവരും. അങ്ങനെയാണ് അത് ഉപേക്ഷിച്ചത്. രണ്ടാമൂഴം സിനിമയാക്കാന്‍ തനിക്ക് ഇനി കഴിയില്ല. കോടതി വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചത് അത്തരം ഒരു ധാരണയിലാണ്. രണ്ടാമൂഴം നല്ലൊരു കലാസൃഷ്ടിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.
ശ്വാസ തടസ്സത്തെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിച്ച എംടി ചികിത്സയില്‍ കഴിയവേയാണ് എം ടി വിടപറഞ്ഞത്. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.
നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍. എംടിയെന്ന രണ്ടക്ഷരത്തില്‍ സര്‍ഗാത്മകതയുടെ വിവിധ മേഖലകളില്‍ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍. ഇന്ത്യന്‍ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകള്‍ പല തലമുറകളിളില്‍ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് എം ടി നമുക്ക് സമ്മാനിച്ചത്.