Top NewsWorld

കസാക്കിസ്ഥാനിൽ വിമാനാപകടം; 38 യാത്രക്കാർ മരിച്ചു

Spread the love

ക്രിസ്മസ് ദിനത്തിൽ പടിഞ്ഞാറൻ കസാക്കിസ്ഥാനിൽ ഫ്ലാഗ് കാരിയറിൽനിന്നുള്ള പാസഞ്ചർ ജെറ്റ് തകർന്ന് 38 മരണം. 67 യാത്രക്കാരുമായി സഞ്ചരിച്ച എംബ്രയർ 190 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അസർബൈജാനി തലസ്ഥാനമായ ബാക്കുവിൽ നിന്ന് വടക്കുപടിഞ്ഞാറായി തെക്കൻ റഷ്യയിലെ ചെച്‌നിയയിലെ ഗ്രോസ്‌നി നഗരത്തിലേക്ക് പോകവെയായിരുന്നു അപകടം. വിമാനത്തിനകത്തെ ഒരു യാത്രക്കാരൻ അപകടം നടക്കുന്ന സമയത്ത് പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. നിലത്ത് വീണ് തകരുന്നതിന് മുമ്പ് വിമാനം കുത്തനെ താഴേക്ക് പതിച്ചു. പിന്നാലെ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവത്തിൽ അസർബൈജാൻ വ്യാഴാഴ്ച ദേശീയ ദുഃഖാചരണം ആചരിച്ചു.

29 പേരാണ് പരുക്കുകളോടെ രക്ഷപെട്ടത്. അപകടത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനം അക്‌തൗവിലേക്ക് വഴിതിരിച്ചുവിട്ടതായി റഷ്യയുടെ ഏവിയേഷൻ വാച്ച്‌ഡോഗ് റിപ്പോർട്ട് ചെയ്തു.

അതേസമയം, അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും മോശം കാലാവസ്ഥയെ തുടര്‍ന്ന് തന്നെയാണോ വിമാനത്തിന്റെ ഗതിമാറിയതെന്നടക്കമുള്ള കാര്യങ്ങള്‍ വ്യക്തമായ അന്വേഷണമുണ്ടാവുമെന്ന് കസാഖിസ്ഥാന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ മിനിസ്ട്രി അറിയിച്ചു.