എംടിയുടെ നഷ്ടം എളുപ്പത്തിൽ നികത്താനാവില്ല, സമ്മിശ്രമായ ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്: ടി പത്മനാഭൻ
കണ്ണൂര്‍: എംടിയുടെ നഷ്ടം എളുപ്പത്തിൽ നികത്താനാവില്ലെന്നും വേദനയുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭൻ അനുസ്മരിച്ചു. എംടിയുമായി 1950 മുതലുള്ള പരിചയമുണ്ട്. നല്ലതും ചീത്തയുമായ സമ്മിശ്രമായ ധാരാളം അനുഭവങ്ങള്‍ എംടിയുമായി ഉണ്ടായിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെ കാണാൻ പോകാനായിട്ടില്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുള്ളതിനാലാണ് അദ്ദേഹത്തിനെ കാണാൻ പോകാൻ കഴിയാത്തത്. വീഴ്ചയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നമുണ്ട്. ആരോഗ്യമുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പോയി കാണുമായിരുന്നു. രണ്ട് കൊല്ലം മുൻപാണ് എംടിയെ ഏറ്റവും ഒടുവിൽ കണ്ടത്. അദ്ദേഹത്തിന്‍റെ അന്ത്യം ഇത്ര വേഗത്തിൽ വരുമെന്ന് വിചാരിച്ചില്ല. അദ്ദേഹത്തിന്‍റെ മരണത്തിൽ വേദനയുണ്ട്.
എന്നെപ്പോലെയല്ല എംടി. ഞാൻ ചെറിയ മേഖലയിൽ ഒതുങ്ങി കൂടിയ ആളാണ്. ഞാൻ ചെറുകഥയിൽ മാത്രം ഒതുങ്ങി. അത്ര മാത്രമെ എനിക്ക് കഴിയുകയുള്ളു. എന്നാൽ, എംടി അങ്ങനെ അല്ല. എംടിയുടെ ലോകം വിശാലമാണ്. ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ല. എംടിയുടെ വിയോഗം തീരാനഷ്ടമാണ്. ആര് മരിച്ചാലും ഇങ്ങനെ പറയുമെങ്കിലും എംടിയുടെ കാര്യത്തിൽ അത് സത്യമാണെന്നും ടി പത്മനാഭൻ അനുസ്മരിച്ചു.
സഹോദര തുല്യനാണ് എം ടിയെന്ന് കാനായി കുഞ്ഞിരാമൻ അനുസ്മരിച്ചു. കേരളത്തിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു. അവസാനമായി എനിക്ക് പ്രഖ്യാപിച്ച ബഷീർ അവാർഡ് എംടിയുടെ കൈയിൽ നിന്നായിരുന്നു വാങ്ങേണ്ടിയിരുന്നത്. തിരക്ക് മൂലം പോകാൻ പറ്റാത്തതിൽ അതിയായ വിഷമമുണ്ടെന്നും കാനായി കുഞ്ഞിരാമൻ അനുസ്മരിച്ചു.
കേരളത്തിന് നികത്താൻ ആവാത്ത നഷ്ടമാണ് എംടിയുടെ വിയോഗത്തിലുടെ സംഭവിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അനുസ്മരിച്ചു. എപ്പോഴും അദ്ദേഹത്തെ കാണുമ്പോള്‍ കൂടല്ലൂരിലെ വിശേഷങ്ങള്‍ പലപ്പോഴും പങ്കുവെച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് ഒരു സ്മാരകം ഇല്ലാതിരുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. മതനിരപേക്ഷതക്കായി സദാസമയവും അദ്ദേഹം നിലകൊണ്ടു.
ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്കാരം നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി കുടുംബവുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. അവിടെ വെച്ച് ഔദ്യോഗിക ബഹുമതികള്‍ നൽകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
കോടിക്കണക്കിന് മനുഷ്യർക്ക് നാഥനില്ലാതായെന്ന് എഴുത്തുക്കാരൻ ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരിച്ചു. മലയാളഭാഷയെ ലോകോത്തര ഭാഷയാക്കാൻ യത്നിച്ചു. ഒറ്റക്ക് പോരാടിയ മനുഷ്യനാണ് എംടി. ഭാഷ മരിച്ചാലും നിലനിൽക്കുന്ന അമരനാണ് എം ടിയെന്നും ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരിച്ചു.
എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതിനുള്ള പ്രചോദനം എംടിയാണെന്ന് പിഎസ് ശ്രീധരൻ പിള്ള അനുസ്മരിച്ചു. വിശ്വസാഹിത്യത്തെ നെഞ്ചിലേറ്റിയ, സ്വാംശീകരിച്ച മലയാളത്തിലെ എഴുത്തുകാരനാണ് അദ്ദേഹം. മൗനത്തിന് വ്യാഖ്യാനം നൽകാൻ ശ്രമിച്ചാൽ അതിനുള്ള വ്യക്തിത്വമാണ് എംടി. ഒരു പുരുഷായുസ്സ് മുഴുവൻ പൂർണ്ണമാക്കി കൊണ്ടാണ് എം ടി കടന്നുപോകുന്നത്. സാമൂഹിക പ്രതിബദ്ധയുള്ള എഴുത്തുകാരനായിരുന്നു. തന്നോട് വലിയ വാത്സല്യമായിരുന്നു. ബിജെപിയിലെ നല്ലവനായ മനുഷ്യൻ എന്ന് എംടി തന്‍റെ പേരെടുത്ത് പറഞ്ഞിട്ടുണ്ടെന്നും പിഎസ് ശ്രീധരൻപിള്ള അനുസ്മരിച്ചു.