‘അന്ന് അഭിഭാഷകനായിരുന്ന മുഹമ്മദ് കുട്ടിയെ സിനിമയിലേക്ക് എത്തിച്ച എം ടി, പിന്നീട് സിനിമ ലോകം കണ്ടത് ചരിത്രം’; മമ്മൂട്ടിയുടെ സ്വന്തം എംടി
മമ്മൂട്ടിയും എം ടിയും തമ്മില്‍ എഴുത്തുകാരനും അഭിനേതാവും എന്നതിനപ്പുറത്തേക്കുള്ള ആത്മബന്ധമുണ്ട്. മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിക്ക് മഞ്ചേരിയില്‍ വക്കീലായിരിക്കെ ഒരു കത്ത് വന്നു. എം.ടിയെന്ന മഹാ പ്രതിഭയുടെ കൈപ്പടയിൽ സിനിമയിലേക്ക് ഒരു ക്ഷണം. ഈ കഥ മമ്മൂട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്. അഭിഭാഷകനായിരുന്ന കാലത്ത് എം.ടിയെ മമ്മൂട്ടി പരിചയപ്പെടുകയും തന്റെ ചലച്ചിത്രമോഹം പറയുകയും ചെയ്തു എന്നാണ് കഥ.
മമ്മൂട്ടി എന്ന നടനെ കണ്ടെത്തിയ എംടി അദ്ദേഹത്തിലെ നടനെ പരുവപ്പെടുത്തിയെടുത്തത് എഴുത്തുകളിലൂടെയും സിനിമകളിലൂടെയുമാണ്. പാതിവഴിയില്‍ നിലച്ചു പോയ ‘ദേവലോകം’ എന്ന എം.ടി ചിത്രത്തിലുടെയാണ് മമ്മൂട്ടി ആദ്യമായി ക്യാമറയെ ശരിക്കൊന്ന് അഭിമുഖീകരിക്കുന്നത്.മമ്മൂട്ടിയിലെ നടന്റെ സിദ്ധികള്‍ വളരെ ആഴത്തില്‍ പ്രയോജനപ്പെടുത്തിയ രണ്ട് പ്രധാനപ്പെട്ട സിനിമകളും എം.ടി രചിച്ചതാണ്. വടക്കൻ വീരഗാഥയും സുകൃതവും.
ഒടുവിൽ എംടിയുടെ എഴുത്തുകളിൽ മമ്മൂട്ടി എന്ന മെഗാ താരം തന്നെ രൂപപ്പെട്ടു. രണ്ട് മഹാപ്രതിഭകള്‍ക്ക് ഇടയിലെ അടുപ്പത്തിന്റെ ആഴം നമ്മൾ മലയാളികൾ ബിഗ് സ്‌ക്രീനിലൂടെ കണ്ടു.മമ്മൂട്ടിയിലെ നടനെ വളരെ ഫലപ്രദമായി ഉപയോഗിച്ച അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍ എന്നീ സിനിമകളൊക്കെ താരം എന്നതിനപ്പുറം നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകളായി.
എംടിയെ എന്നെങ്കിലും പരിചയപ്പെടാന്‍ സാധിക്കണേ എന്ന് കുട്ടിക്കാലത്ത് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു ചലച്ചിത്രക്യാമ്പില്‍ വച്ച് അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും സാധിച്ചു. ഏതോ ഒരു ശക്തി ഞങ്ങളെ പരസ്പരം ബന്ധപ്പെടുത്തിയെന്ന് പറയാം. ആ കണക്ഷന്‍ ഒരു മാജിക് കണക്ഷനായി ഇപ്പോഴും നിലനില്‍ക്കുന്നു.
അതിനുശേഷമാണ് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ഉണ്ടാവുന്നതും ഒരു നടനായി ലോകം എന്നെ തിരിച്ചറിയുന്നതും , നിങ്ങള്‍ക്ക് മുന്നില്‍ ഇങ്ങനെ 41 വര്‍ഷക്കാലം സ്‌നേഹാദരങ്ങള്‍ ആസ്വദിച്ചുകൊണ്ട് നില്‍ക്കാന്‍ കഴിഞ്ഞതും. എന്റെ എല്ലാ പുരസ്‌കാരങ്ങളും ഗുരു ദക്ഷിണയായി അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്,” എന്നാണ് എംടിയുമായുള്ള അടുപ്പത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.
കാലമല്ല സൗഹ്യദത്തിന്റെ അളവുകോൽ, ബന്ധത്തിന്റെ ആഴമാണ്,” എന്ന് ഒരു മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നുണ്ട് ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിൽ. നിയോഗം പോലെ ജീവിതത്തിലേക്ക് എത്തിച്ചേരുന്ന ബന്ധങ്ങളുടെ കാര്യത്തിൽ അതേറെ ശരിയാണ് താനും.
പരസ്പരം വർണിക്കാനാകാത്ത ഒരു ബന്ധം ഞങ്ങൾ തമ്മിലുണ്ട്. സഹോദരനോ പിതാവോ മകനോ സുഹൃത്തോ അങ്ങനെ ഏതു രീതിയിലും അദ്ദേഹത്തെ എനിക്കു സമീപിക്കാം,” എന്നാണ് ഒരിക്കൽ മമ്മൂട്ടി എംടിയെ കുറിച്ചു പറഞ്ഞത്.
നിരവധി എം ടി കഥാപാത്രങ്ങളെ അസൂയാർഹമായ കയ്യടക്കത്തോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഉള്ളുതൊട്ടിട്ടുണ്ട് മമ്മൂട്ടി. ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, അടിയൊഴുക്കുകൾ, അനുബന്ധം, ഇടനിലങ്ങൾ, കൊച്ചുതെമ്മാടി, ഒരു വടക്കൻ വീരഗാഥ, മിഥ്യ, സുകൃതം, ഉത്തരം, കേരളവർമ്മ പഴശ്ശിരാജ എന്നു തുടങ്ങി എംടി കഥയിൽ മമ്മൂട്ടി എന്ന ഭാഗ്യം മനോരഥങ്ങളിൽ വരെ എത്തി നിൽക്കുന്നു.
അപൂർവ്വമായൊരു സ്നേഹബന്ധത്തിന്റെയും ആത്മബന്ധത്തിന്റെയും കഥ പറയുന്ന രണ്ടു ഇതിഹാസങ്ങൾ. ഓരോ മലയാളികൾക്കും അറിയാവുന്ന അടുപ്പമാണത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പട്ടൊരാളാണ് എംടിയെന്ന് പലപ്പോഴും മമ്മൂട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മലയാളത്തിന്‍റെ മഹാസാഹിത്യകാരൻ എംടിയുടെ വിയോഗത്തിൽ ബാഷ്പാഞ്ജലി അർപ്പിച്ച് മമ്മൂട്ടി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു,” – മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ.