നടുറോഡിൽ കത്തിയമർന്ന് ലംബോർഗിനി ഹുറാക്കാൻ; വിമർശനവുമായി വ്യവസായി
മുംബൈയിൽ ഓടിക്കൊണ്ടിരിക്കെ ആഢംബര കാറായ ലംബോർഗിനി ഹുറാക്കാന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആഢംബര കാറിന് തീപിടിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 45 മിനിറ്റോളം എടുത്താണ് കാറിലെ തീയണക്കാൻ സാധിച്ചത്. അപകടത്തിൽ ആളാപായമില്ല. അഗ്നിബാധയുടെ കാരണമെന്താണെന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
അതേസമയം കമ്പനിയെ വിമർശിച്ച് പ്രമുഖ വ്യവസായി രംഗത്തെത്തി. ലംബോർഗിനിക്ക് തീപിടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് റെയ്മണ്ട് ഗ്രൂപ്പ് ചെയർമാനും വാഹന പ്രേമിയുമായ ഗൗതം സിംഗാനിയയാണ് വിമർശിച്ച് രംഗത്തെത്തിയത്. ലംബോർഗിനിയുടെ വിശ്വാസ്യതയെയും സുരക്ഷയെയും സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ഗൗതം സിംഗാനിയ പറഞ്ഞു. താൻ നേരിട്ട് കണ്ട സംഭവമാണെന്ന് പറഞ്ഞാണ് സമൂഹമാധ്യമത്തിൽ സിംഗാനിയ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഇത്ര അധികം പണം കൊടുത്ത് വാങ്ങുന്ന വാഹനത്തിന് ഉന്നതനിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും ഇത്തരം അപകടങ്ങളല്ലെന്ന് ഗൗതം സിംഗാനിയ പറയുന്നു. നേരത്തെയും ലംബോർഗിനിക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ ഗൗതം സിംഗാനിയ രൂക്ഷവിമർശനം നടത്തിയിരുന്നു. ടെസ്റ്റ് ഡ്രൈവിനിടെ വാഹനം ബ്രേക്ക് ഡൗണായതായിരുന്നു നേരത്തെ ഗൗതം സംഗാനിയയെ പ്രോകപിപ്പിച്ചത്. സംഭവത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വിശദീകരണം ലഭിക്കാത്തതും ഗൗതം സിംഗാനിയെ ചൊടിപ്പിച്ചു.