Sunday, April 6, 2025
Latest:
NationalTop News

ഹനുമാൻ ജയന്തിക്ക് കാവി വസ്ത്രം അണിയാറുണ്ടോ? സൊമാറ്റോ ഡെലിവറി ഏജന്റിന്റെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

Spread the love

ക്രിസ്‌മസ് ദിനത്തില്‍ സാന്താ ക്ളോസിന്റെ വേഷത്തിലെത്തിയ സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തിലടക്കം പ്രചരിക്കുന്നുണ്ട്.

മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ‘ഹിന്ദു ജാഗ്രണ്‍ മഞ്ച്’ എന്ന സംഘടനയാണ് ഡെലിവറി ഏജന്റിന്റെ സാന്താ ക്ളോസ് വേഷം അഴിപ്പിച്ചത്. ഹിന്ദു ജാഗ്രണ്‍ മഞ്ചിന്റെ ജില്ലാ കണ്‍വീനർ സുമിത് ഹർദ്ദിയ ആണ് ഡെലിവറി ഏജന്റിനെ ചോദ്യം ചെയ്തത്.

സാന്താ ക്ലോസിന്റെ വസ്ത്രം അണിഞ്ഞാണോ ഡെലിവറി ചെയ്യുന്നത് എന്ന് ചോദിച്ചായിരുന്നു സുമിത് ഏജന്റിന്റെ അരികിലെത്തിയത്. ഈ സമയം ബൈക്കില്‍ ഇരിക്കുകയായിരുന്നു സൊമാറ്റോ ജീവനക്കാരൻ. ചോദ്യത്തിന് ഏജന്റ് അതേയെന്ന് തലകുലുക്കി. ദീപാവലി ദിനത്തില്‍ രാമന്റെ വേഷത്തില്‍ പോകുമോ എന്നായിരുന്നു ഹിന്ദു സംഘടനാ നേതാവിന്റെ അടുത്ത ചോദ്യം. ഇല്ല, കമ്ബനിയാണ് സാന്താ ക്ളോസിന്റെ വേഷം നല്‍കിയത് എന്നായിരുന്നു ഏജന്റിന്റെ മറുപടി.

നമ്മള്‍ ഹിന്ദുക്കളാണ്, എന്ത് സന്ദേശമാണ് നമ്മള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്? നിങ്ങള്‍ സാന്താ ക്ളോസിന്റെ മാത്രം വേഷം അണിഞ്ഞാല്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? നിങ്ങള്‍ക്ക് ശരിക്കും സന്ദേശം നല്‍കണമെന്നുണ്ടെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ വേഷം കൂടി അണിയൂ. കൂടുതല്‍ ആഹാരവും ഹിന്ദുക്കള്‍ക്കാണ് ഡെലിവറി ചെയ്യുന്നത്.

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്. പിന്നെ എന്തുകൊണ്ടാണ് കമ്ബനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നത്? ഹനുമാൻ ജയന്തി, രാം നവമി, ദീപാവലി തുടങ്ങിയവയ്ക്ക് അവർ കാവി വസ്ത്രം അണിയാറുണ്ടോ? ഇത്തരം വസ്ത്രങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നതിന് പിന്നില്‍ കമ്ബനികളുടെ ഉദ്ദേശമെന്താണ്?’- ഹിന്ദു ജാഗ്രണ്‍ മഞ്ച് നേതാവ് ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം.

സമീപത്ത് നില്‍ക്കുകയായിരുന്ന മറ്റ് ഡെലിവറി ഏജന്റുമാർ എന്തുകൊണ്ട് സാന്താ ക്ളോസിന്റെ വേഷം ധരിച്ചില്ല എന്ന് സുമിത് ഹർദ്ദിയ ചോദിക്കുന്നു. അവർക്ക് കമ്പനി വേഷം നല്‍കി കാണില്ല എന്ന് ഏജന്റ് മറുപടി നല്‍കുന്നു. തുടർന്ന് ഏജന്റിന്റെ പേര് ചോദിച്ചതും ഹിന്ദു ആണെന്ന് മനസിലാക്കിയതോടെ യുവാവിനോട് ബൈക്കില്‍ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും സാന്താ ക്ളോസിന്റെ വേഷം അഴിപ്പിക്കുകയായിരുന്നു.