‘മാർക്കോ’ യുടെ വ്യാജ പതിപ്പ്; കേസെടുത്ത് സൈബർ പൊലീസ്
ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രം ‘മാർക്കോ’ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെതിരെ സൈബർ പൊലീസ് കേസെടുത്തു.നിർമ്മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്. വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകൾ ഷെയർ ചെയ്താണ് പുതിയ സിനിമയുടെ വ്യാജൻ പ്രചരിപ്പിക്കുന്നത്.
സിനിമാട്ടോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എവിടെനിന്നാണ് സിനിമയുടെ ലിങ്കുകൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നത് ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. ലിങ്കുകൾ പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണ് എന്ന മുന്നറിയിപ്പും പൊപോലീസ് നൽകുന്നുണ്ട്.
അതേസമയം, അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി ചിത്രം വാരിക്കൂട്ടിയത് 50 കോടി രൂപയാണ്. ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി മാർക്കോ തിയേറ്ററുകളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ആക്ഷൻ വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്‌ഷൻ ഡയറക്ടർ കലൈ കിങ്ങ്സനാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സൺ ഒരുക്കിയിരിക്കുന്നത്.