മുണ്ടക്കൈ – ചൂരൽമല കേന്ദ്ര സഹായം; കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത്, മുഖ്യമന്ത്രി
മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ കേന്ദ്രം നഷ്ടപരിഹാരം നൽകാത്തത് കേരളത്തിനോട് പകയുള്ളത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുന്നില്ല. ഇതിലും വലിയ ദുരന്തത്തെ അതിജിവിച്ചതാണ് കേരളം, മുണ്ടക്കൈയിലേയും ചൂരൽ മലയിലേയും ദുരന്തബാധിതരെ കൈവിടില്ല, അവരുടെ പുനഃരധിവാസം കൃത്യമായി നടപ്പാക്കും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റേത് നികൃഷ്ടമായ സമീപനമാണ്. കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത് പ്രളയ സമയത്തും ചില്ലിക്കാശ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചില്ല. അവകാശങ്ങൾ നേടിയെടുക്കാൻ ശക്തമായി ഇടപെടും.
സ്വാതന്ത്ര്യസമര നേതാക്കളെ ആർഎസ്എസ് തമസ്കരിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സർക്കാർ സവർക്കറെ ആദരിക്കുന്നതിലൂടെ സംഘപരിവാർ ചരിത്രം തിരുത്തുകയാണ്. അംബേദ്കറെ ആക്ഷേപിക്കാനും അവഹേളിക്കാനുമാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നത്, ചതുർവർണ്യ ബോധമാണ് ഇത്തരം അവഹേളനത്തിന് കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.