ഭാരത് മാതാ കി ജയ്’; കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി
കുവൈത്തിലെ ആരോഗ്യമേഖലയില്‍ ഇന്ത്യക്കാരുടെ സംഭാവന വലുതാണെന്നും ഇന്ത്യയില്‍ നിന്നുള്ള അധ്യാപകരാണ് കുവൈത്തിന്റെ ഭാവിയെ വാര്‍ത്തെടുക്കുന്നതെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയതായിരുന്നു മോദി. മിന അബ്ദുള്ള പ്രദേശത്തെ ലേബര്‍ ക്യാമ്പും മോദി സന്ദര്‍ശിച്ചു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ നരേന്ദ്രമോദിക്ക് ഇന്ത്യന്‍ സമൂഹം നല്‍കിയത് ഉജ്ജ്വല സ്വീകരണമാണ്. കുവൈറ്റുമായുള്ള ചരിത്രപരമായ ബന്ധത്തെ ഇന്ത്യ ആഴത്തില്‍ വിലമതിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുവൈറ്റില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ഹലാ മോദി എന്ന പരിപാടിയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
കുവൈത്ത് ഇന്ത്യയുടെ ഊര്‍ജ-വ്യാപാര പങ്കാളിയാണെന്നും ഇന്ത്യയിലേയും കുവൈത്തിലേയും പൗരന്മാര്‍ പരസ്പര സഹകരണത്തോടെയാണ് കഴിയുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി പുതിയ വികസനപാത തുറക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത അബ്ദുല്ല അല്‍ ബറൂണുമായും രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അറബി പതിപ്പുകള്‍ പ്രസിദ്ധീകരിച്ച അബ്ദുള്‍ ലത്തീഫ് അല്‍ നെസെഫുമായും മോദി കൂടിക്കാഴ്ച നടത്തി. മുന്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനായ 101 വയസ്സുള്ള മംഗള്‍ സൈന്‍ ഹാന്‍ഡയേയും മോദി സന്ദര്‍ശിച്ചു.
കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹ്, കിരീടാവകാശി അമീറുമായും മോദി കൂടിക്കാഴ്ച നടത്തും. കുവൈത്ത് സിറ്റിയില്‍ നടക്കുന്ന 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിലും മോദി പങ്കെടുക്കും.