NationalTop News

‘എല്ലാ വിവരങ്ങളും ജനങ്ങൾ അറിയണ്ട’; കോടതി ഉത്തരവിനെ മറികടക്കാൻ പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നീക്കം

Spread the love

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് തടഞ്ഞ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ ചില വിവരങ്ങൾ ഹാജരാക്കാൻ പഞ്ചാബ്-ഹരിയാന കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിട്ടതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഹരിയാന തിരഞ്ഞെടുപ്പിലെ, ഒരു പോളിങ് സ്റ്റേഷനിൽ നടന്ന വോട്ടെടുപ്പിന്റെ വീഡിയോ, സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങളും പോളിങ് സംബന്ധിച്ച രേഖകളും ഹാജരാക്കാൻ ആയിരുന്നു ഹൈക്കോടതി നിർദേശം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം 1961-ലെ റൂൾ 93(2)(എ)- ആണ് കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാൻ പറ്റുന്നതായിരിക്കണം എന്നാണ് ഈ ചട്ടത്തിൽ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിയാലോചിച്ച ശേഷമാണ് കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.

ഇതോടെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങൾക്ക് പരിശോധിക്കാം എന്ന സാഹചര്യത്തിൽ മാറ്റം വന്നു. പൊതുജനങ്ങൾക്ക് ലഭ്യമാക്കാമെന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കുന്ന രേഖകൾ മാത്രമേ ഇനി ജനങ്ങൾക്ക് പരിശോധിക്കാൻ സാധിക്കുള്ളു. പുതിയ ഭേദഗതി പ്രകാരം, എല്ലാ രേഖകളും ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് കോടതികൾക്കും ഇനി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കാൻ സാധിക്കില്ല.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം നിരന്തരം രംഗത്തുവരുന്ന സാഹചര്യത്തിലാണ്, കേന്ദ്രസർക്കാരിന്റെ അതീവ പ്രാധാന്യമുള്ള നീക്കം എന്നതും ശ്രദ്ധേയമാണ്. എന്നാൽ, അനാവശ്യമായി രേഖകൾ ആവശ്യപ്പെടുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് ചട്ടം ഭേദഗതി വരുത്തുന്നതിനെ കുറിച്ച് ആലോചിച്ചത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം.

”പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങളും പല രേഖകളും ആവശ്യപ്പെട്ട് നിരന്തരം അപേക്ഷകളും വിവരാവകാശങ്ങളും ലഭിക്കുന്നുണ്ട്. ചട്ടത്തിൽ മാറ്റം വരുത്താനായി നേരത്തെ ആലോചിച്ചിരുന്നതാണ്. കോടതി ഉത്തരവിന് ശേഷം, ചട്ടത്തിൽ ഭേദഗതി വരുത്തുകയായിരുന്നു”, തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പോളിങ് വിവരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയയാൾ, തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ലെന്നും അതിനാൽ വിവരങ്ങൾ ചോദിക്കാൻ അവകാശമില്ലെന്നും കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടെടുത്തിരുന്നു. എന്നാൽ, ആറ് ആഴ്ചയ്ക്കുള്ളിൽ ഫോം 17 ഉൾപ്പെടെ ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ആയിരുന്നു കോടതി നിർദേശം. ഇതിനെ മറികടക്കാനാണ് കേന്ദ്രം നിർണായക നീക്കം നടത്തിയത്.

അതേസമയം, കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നശിച്ചുകൊണ്ടിരിക്കുന്ന വിശ്വാസ്യതയെ വീണ്ടും തകർക്കുന്നതാണ് പുതിയ നീക്കമെന്ന് കോൺഗ്രസ് വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ സുതാര്യതയെ ഭയപ്പെടുന്നത് എന്തിനാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം സമേശ് ചോദിച്ചു. എഎപി കൺവീനർ അരവിന്ദ് കെജ്രിവാളും തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് രംഗത്തെത്തി.