CPIM തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സ്പീക്കർക്കും മന്ത്രി എം ബി രാജേഷിനും വിമർശനം
സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സ്പീക്കർ എ എൻ.ഷംസീറിന് വിമർശനം. മന്ത്രിയെ മറികടന്ന് തദ്ദേശ ഭരണവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുവെന്നാണ് സ്പീക്കർക്ക് എതിരെ ഉയർന്ന വിമർശനം. തദ്ദേശ ഭരണമന്ത്രി എം.ബി.രാജേഷും പൊതുചർച്ചയിൽ വിമർശിക്കപ്പെട്ടു. വിദ്യഭ്യാസവകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണെന്നും വിമർശനം ഉണ്ട്.
ഇന്നലെ തുടങ്ങിയ പൊതുചർച്ചയിൽ വെഞ്ഞാറമ്മൂട് നിന്നുളള പ്രതിനിധിയാണ് സ്പീക്കർക്കെതിരെ വിമർശനം ഉന്നയിച്ചത്. സർക്കാരിൽ തോന്നുംപടി കാര്യങ്ങൾ നടക്കുന്നതിൻെറ തെളിവായാണ് മന്ത്രി അറിയാതെ സ്പീക്കർ തദ്ദേശഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതെന്നാണ് ചർച്ചയിൽ ഉയർന്ന വിമർശനം. വകുപ്പിൽ നടക്കുന്നതൊന്നും മന്ത്രിമാർ അറിയുന്നില്ലെന്നും ചർച്ചയിൽ പങ്കെടുത്തവർ വിമർശിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണ്. മന്ത്രിക്കും മുകളിലായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം താഴേക്കാണെന്നും പ്രതിനിധികൾ വിമർശിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി
എം ബി രാജേഷിനും വിമർശനം നേരിടേണ്ടി വന്നു. സർക്കാർ പരിപാടിക്ക് ആളെ കൂട്ടുന്നവരായി മാത്രമാണ് തദ്ദേശസ്ഥാപനങ്ങളെ കണക്കാക്കുന്നത്. ലൈഫ്ഭവന പദ്ധതി ഇഴഞ്ഞ് നീങ്ങുകയാണ്. പദ്ധതിയുടെ മാനദണ്ഡങ്ങൾ പലതും അശാസ്ത്രീയമാണെന്നും വിമർശനമുണ്ട്. ക്ഷേമനിധി ബോർഡുകളിൽ
അംശാദായം അടച്ചവർക്കുളള പെൻഷൻ 18 മാസമായി കുടിശികയാണ്. ഈ സ്ഥിതി തുടർന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നും പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം നഗരസഭാ ഭരണത്തിനെതിരെയും വിമർശനമുണ്ട്.