നിലപാടുകളിൽ കർക്കശ്യമുള്ള അടിയുറച്ച കോൺഗ്രസുകാരൻ; പി ടി തോമസിന്റെ വേർപാടിന് ഇന്ന് 3 വർഷം
തന്റെ ശരികൾക്ക്, തന്റെ ബോധ്യത്തിനൊപ്പം ശക്തമായി നിലകൊണ്ട രാഷ്ട്രീയക്കാരൻ. പരിസ്ഥിതി സംരക്ഷണം ഇത്രത്തോളം രാഷ്ട്രീയ പ്രാധാന്യത്തോടെ ഉയർത്തിക്കൊണ്ടുവന്ന നേതാക്കൾ കേരളത്തിൽ വിരളം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ പി ടി ഒരു കാലത്ത് കോൺഗ്രസിൽ തീവ്ര എ ഗ്രൂപ്പുകാരനായിരുന്നു. പിന്നീട് മിതവാദിയായി പരുവപ്പെട്ട പി ടി കോൺഗ്രസിന്റെ ഹരിതമുഖമായി.
1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നും ജയിച്ചു. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി. പശ്ചിമഘട്ട സംരക്ഷണം മുൻ നിർത്തി ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് വാദിച്ചപ്പോൾ, ലോക്സഭ സീറ്റ് നഷ്ടപ്പെട്ടു. എങ്കിലും പി ടി തന്റെ നിലപാടിൽ ഉറച്ചു നിന്നു.
കടമ്പ്രയാർ മലിനീകരണത്തിനെതിരെ പോരാടാൻ മുന്നണിയിൽ പി ടി ഉണ്ടായിരുന്നു. ചോദ്യം ചെയ്യേണ്ടിടത്ത് അതുന്നയിക്കാൻ ഒരു മടിയുമില്ലാതിരുന്ന പി ടി തോമസ്, കെ കരുണാകരനെ വരെ മുൾമുനയിൽ നിർത്തി. സംഘടനാ പാടവത്തിലും നിയമസഭയിലെ പ്രകടനത്തിലും ആരുടേയും പിറകിലായിരുന്നില്ല പി ടി തോമസ്. പലപ്പോഴും സർക്കാരിനെതിരെയുള്ള പ്രതിപക്ഷാക്രമണത്തിന്റെ കുന്തമുനയായി പി ടി മാറി. നിശ്ചയ ദാർഢ്യത്തിന്റെയും ആദർശ രാഷ്ട്രീയത്തിന്റെയും പ്രതീകമായിരുന്ന പി ടി തോമസ് അർബുദത്തിന് ചികിത്സയിരിക്കെയാണ് വിടവാങ്ങിയത്.