KeralaTop News

നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻറെ ഇടുപ്പിനും തലയ്ക്കും ഗുരുതര പരുക്ക്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Spread the love

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മു എ സജീവന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അമ്മുവിൻറെ തലയ്ക്കും ഇടുപ്പിനും ഏറ്റ ഗുരുതരമായ പരുക്കാണ് മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.അമ്മുവിൻറെ തലച്ചോറിന്റെ പല ഭാഗങ്ങളിലും ഗുരുതര പരുക്ക് പറ്റിയിട്ടുണ്ട്. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാ​ഗങ്ങളിലും രക്തം വാർന്നിരുന്നു. വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അന്വേഷണം മൂന്ന് കുട്ടികളിൽ മാത്രമായി ഒതുങ്ങി പോകരുതെന്ന് മരണപ്പെട്ട അമ്മുവിന്റെ പിതാവ് സജീവൻ ട്വന്റിഫോറിന് പറഞ്ഞു. അമ്മുവിൻറെ ശരീരത്തിൽ ജലാംശം തീരെയില്ല എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മകളെ പരസ്യവിചാരണ നടത്തുകയാണ് ഉണ്ടായത്. സൈകാട്രിക് വിഭാഗം അധ്യാപകൻ സജിയാണ് ഇതിനു നേതൃത്വം നൽകിയത്. എന്നാൽ ഈ അധ്യാപകനാണ് മകൾക്ക് കൗൺസിലിംഗ് നൽകിയെന്നാണ് കോളജ് മാനേജ്മെൻറ് പറയുന്നത്. അന്വേഷണത്തിൽ സജിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.നിലവിലെ അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയാണ് ഉള്ളതെന്നും അമ്മുവിൻറെ പിതാവ് ട്വന്റി ഫോറിനോട് വ്യക്തമാക്കി.
ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർത്ഥിനി തിരുവനന്തപുരം അയിരൂ പാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. എൻഎസ്എസ് വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും വീണ നിലയിൽ 15ന് വൈകിട്ടാണ് അമ്മുവിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന്‌ നില അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.സഹപാഠികളുടെ നിരന്തരമായ മാനസിക പീഡനമാണ് അമ്മുവിനെ അലട്ടിയിരുന്നതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. അറസ്റ്റിലായ മൂവർക്കുമെതിരെ പിതാവ്‌ പ്രിൻസിപ്പാളിന്‌ പരാതി നൽകിയിരുന്നു.