KeralaTop News

കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

Spread the love

കുടിവെള്ളമെടുക്കാൻ വള്ളത്തിൽ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സന്ധ്യയും മകനും മത്സ്യബന്ധനത്തിന് ശേഷം കുടിവെള്ളമെടുക്കാനായി തൊട്ടടുള്ള ഐസ് പ്ലാന്റിലേക്ക് പോയത്. വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടയിലാണ് വള്ളം മറിയുന്നത്. സമീപത്തുണ്ടായിരുന്ന മറ്റ് മൽസ്യത്തൊഴിലാളികൾ വന്നാണ് വള്ളത്തിന്റെ അടിയിൽ നിന്ന് സന്ധ്യ സെബാസ്റ്റ്യനെ പൊക്കിയെടുത്ത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ധ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കഴിഞ്ഞ രണ്ടാഴ്ചയായി കുടിവെള്ളo കിട്ടാത്തതിനെ തുടർന്ന് തുരുത്ത് നിവാസികൾ ചെറുവള്ളങ്ങളിൽ മറുകരകളിൽ എത്തിയാണ് വെള്ളം ശേഖരിക്കുന്നത്. ചവറ പാലത്തിനടുത്തുള്ള പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്നാണ് തുരുത്തിൽ കുടിവെള്ളം ലഭിക്കാത്തത്. 9 തുരുത്തുകളാണ് ഈ ഭാഗത്ത് ഉള്ളത്. ഏകദേശം അഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ താസിക്കുന്നത്. തുരുത്ത് നിവാസികളുടെ കുടിവെള്ള പ്രശ്നം കഴിഞ്ഞ കുറച്ചധികം നാളുകളായി മുന്നോട്ട് വരുന്ന പ്രശ്നമാണ് പക്ഷെ ഇതിനാവശ്യമായ ബദൽ സംവിധാനങ്ങൾ എത്തിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല എന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. റേഷൻ പോലെയാണ് തങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നത് ഒരു കുടുംബത്തിനാവശ്യമായ വെള്ളം വേണ്ടവിധം ലഭിക്കുന്നില്ല അതുകൊണ്ടുതന്നെ തൊട്ടടുത്തുള്ള പ്ലാന്റുകളിൽ നിന്നാണ് തുരുത്ത് നിവാസികൾ വെള്ളം ശേഖരിക്കുന്നത്.