NationalWorld

‘സൂക്ഷിച്ച് സംസാരിക്കണം,’ ഇന്ത്യയുടെ ഭാ​ഗങ്ങൾ പിടിച്ചടക്കും എന്ന് പറഞ്ഞ ബം​ഗ്ലാദേശി ഉപദേഷ്ടാവിനോട് കടുപ്പിച്ച് ഇന്ത്യ

Spread the love

വേണ്ടി വന്നാൽ ഇന്ത്യയുടെ ചില ഭാ​ഗങ്ങൾ ബം​ഗ്ലാദേശിനോട് കൂട്ടിചേർക്കാൻ മടിക്കില്ല എന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ ഉപദേഷ്ടാവ് മഹ്ഫൂസ് ആലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.

” ഈ വിഷയത്തിൽ ബംഗ്ലാദേശിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്,” വിദേശകാര്യ വക്താവ് രന്ധി ജയ്‌സ്വാൾ പറഞ്ഞു. നൊബേൽ സമ്മാന ജേതാവ് മുഹമ്മദിൻ്റെ യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാരിന് ഇന്ത്യാ വിരുദ്ധ നിലപാടിന്റെ ഏറ്റവും പുതിയ ഉദാഹരണമായിട്ടാണ് ഈ പ്രസ്താവനയെ നിരീക്ഷകർ കാണുന്നത്.

1971-ലെ വിമോചനയുദ്ധത്തിൽ പാകിസ്താൻ സൈന്യത്തിനെതിരെ നേടിയ വിജയത്തിൻ്റെ സ്മരണയ്ക്കായി ബംഗ്ലാദേശിലെ ദേശീയ അവധി ദിനമായ ഡിസംബർ 16-ന് വിജയദിനത്തിലായിരുന്നു പരാമർശം

ബംഗ്ലാദേശിനെ വരിഞ്ഞ് മുറുക്കാനുള്ള നയങ്ങളാണ് ഇന്ത്യ പിന്തുടരുന്നതെന്ന് മഹ്ഫൂസ് ആരോപിച്ചു. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ്റെയും കുടുംബത്തിലെ ഭൂരിഭാഗത്തിൻ്റെയും കൊലപാതകത്തിൽ കലാശിച്ച 1975-ലെ അട്ടിമറി, 2024-ൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ എന്നിവയെ ഇന്ത്യയെ മേലുള്ള ബം​ഗ്ലാദേശിന്റെ ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ബംഗ്ലാദേശിന് യഥാർത്ഥ സ്വാതന്ത്ര്യവും വിമോചനവും കൈവരിക്കണമെങ്കിൽ, നിലവിലെ പരിമിതികളിൽ നിന്ന് മോചനം നേടുകയും അതിനായി ബം​ഗ്ലാദേശിന്റെ അതിർത്തികൾ വികസിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ പിടിയിൽ നിന്ന് ബം​ഗ്ലാദേശിനെ വിമോചിപ്പിച്ച ഇന്ത്യയുടെ സൈനിക-രാഷ്ട്രീയ ഇച്ഛാശക്തിയെ കുറച്ച് കാട്ടുക, രബീന്ദ്രനാഥ് ടാ​ഗോർ രചിച്ച ബം​ഗ്ലാദേശ് ദേശീയ​ഗാനത്തെ മാറ്റാനുള്ള നീക്കം നടത്തുക, രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ആക്രമണത്തെ നേരിടാതിരിക്കുക, പാകിസ്താനുമായുള്ള അടുപ്പം വർദ്ധിപ്പിക്കുക എന്നീ നീക്കങ്ങൾ ഇന്ത്യ ആശങ്കയോടെയാണ് കാണുതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന.

ബം​ഗ്ലാദേശ് സർക്കാരിന്റെ ഭാ​ഗമായുള്ളവർ നടത്തുന്ന പൊതു അഭിപ്രായങ്ങൾ ശ്രദ്ധയോടെ വേണം. ബംഗ്ലാദേശ് ​ജനതയോടും ഇടക്കാല സർക്കാരുമായും ബന്ധം മെച്ചപ്പെടുത്താനുള്ള താല്പര്യമാണ് ഇന്ത്യക്ക്. ഈ സാഹചര്യത്തിൽ ഇത്തരം അഭിപ്രായങ്ങൾ രേഖപെടുത്തുമ്പോൾ ഉത്തരവാദിത്ത്വം വേണമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് പറഞ്ഞു. ഷെയ്ഖ് ഹസീന സർക്കാറിനെ അട്ടിമറിച്ച് വിദ്യാർത്ഥി പ്രക്ഷോഭത്തിലെ ഒരു പ്രധാന നേതാവാണ് മഹ്ഫൂസ് ആലം.