സെക്രട്ടറിയേറ്റിൽ പാമ്പ്, പിടികൂടാൻ കഴിഞ്ഞില്ല
തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പാമ്പ്. ജലവിഭവ വകുപ്പ് വിഭാഗത്തിലാണ് പാമ്പ് കയറിയത്. ഇടനാഴിയിൽ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജീവനക്കാർ പരിസരത്ത് പരിശോധിക്കുന്നു. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ ഇടവേള സമയത്ത് പുറത്തിറങ്ങുമ്പോഴാണ് പടിക്കെട്ടിൽ പാമ്പിനെ കണ്ടത്.
സഹകരണവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടിൽ നിന്നും താഴേക്കിറങ്ങി കാർഡ്ബോർഡ് പെട്ടികൾക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.
അതേസമയം ഇന്നലെ നെയ്യാറ്റിൻകരയിൽ സ്കൂളില്‍ വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു.ചെങ്കല്‍ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേഹയ്ക്കാണ് പാമ്പുകടിയേറ്റത്. കുട്ടി നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസ്മസ് ആഘോഷത്തിനിടെയാണ് പാമ്പുകടിയേറ്റത്.
വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ, അറ്റകുറ്റപണികൾ നടത്തുന്ന കാര്യങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും. അതിന് ശേഷമായിരിക്കും നടപടിയുണ്ടാകുക. വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തിന് പിന്നാലെ സ്കൂൾ പരിസരവും മറ്റും കാട് പിടിച്ച നിലയിലാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.