വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയം,കേന്ദ്രം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ല; കെ സുരേന്ദ്രൻ
മുണ്ടക്കൈ -ചൂരൽമല പുനരധിവാസം നടത്തുന്നതിൽ കേരള സർക്കാർ സമ്പൂർണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രഫണ്ട് എങ്ങനെയാണ് ലഭിക്കാത്തതെന്ന് വസ്തുതാപരമായി പറയണം. പുനരധിവാസം നടത്തുന്നതിൽ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ് സർക്കാർ നീക്കം,അതിന് അനുവദിക്കില്ല. ദുരിതാശ്വാസനിധിയിലേക്ക് വന്ന പണം ചിലവഴിച്ചിട്ടില്ലെന്നും കേന്ദ്രം ചോദിച്ച ചോദ്യങ്ങൾക്ക് സംസ്ഥാന സർക്കാരിന് മറുപടിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വയനാടിനോടുള്ള കേന്ദ്ര അവഗണന എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ മുണ്ടക്കൈ പുനരധിവാസ കരട് പട്ടിക പുറത്തിറക്കിയിരുന്നു. പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ തന്നെ വ്യാപക പിശകെന്ന് ആക്ഷേപം ഉയർന്നിരുന്നു .പിഴവുകളിൽ പ്രതിഷേധിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസ് ദുരിതബാധിതർ ഉപരോധിച്ചു. പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടികയിൽ ആദ്യ ഘട്ടത്തിൽ നേരിട്ട് ബാധിച്ചവരെയാണ് ഉൾപ്പെടുത്തിയത്.ഒന്നാംഘട്ടത്തിൽ അർഹരായ നിരവധി പേർ പുറത്തായെന്നാണ് ആരോപണം. 520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്പര്‍ പ്രകാരം ദുരന്തം ബാധിച്ചത്. എന്നാൽ, കരട് പട്ടികയില്‍ ഉള്‍പ്പെട്ടത് 388 കുടുംബങ്ങള്‍ മാത്രമാണ്. പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പല പേരുകളും ആവർത്തനമെന്നും ആക്ഷേപമുണ്ട്.
അതേ സമയം ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകളുള്ള കുടുംബങ്ങൾ ആദ്യ ലിസ്റ്റിൽ ഇല്ല. ഇവരുടെ പുനരധിവാസം രണ്ടാം ഘട്ടത്തിലായിരിക്കും നടപ്പാക്കുക.