Top NewsWorld

അഭയാര്‍ത്ഥിയായ സൈക്യാട്രിസ്റ്റ്, ജര്‍മ്മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമിച്ച സൗദി വംശജന്‍ ആരാണ്?

Spread the love

ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആഹ്‌ളാദിച്ചുനടക്കുന്ന ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് അവിശ്വസനീയമായ വേഗതയോടെ ഒരാള്‍ കാര്‍ ഇടിച്ചുകയറ്റി കൊടുംക്രൂരത നടപ്പാക്കിയ വിഡിയോ ഭയത്തോടെയാണ് ഇന്ന് വെളുപ്പിന് ലോകം കണ്ടുതീര്‍ത്തത്. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അറുപതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 13 പേരുടെ മരണത്തിനിടയാക്കിയ ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തെ ഓര്‍മിപ്പിക്കുന്ന വിധത്തിലായിരുന്നു ഇന്നത്തെ ആക്രമണവും. ഒരു ബിഎംഡബ്ല്യു കാര്‍ റെന്റിനെടുത്ത് ഒറ്റയ്ക്ക് ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് കാര്‍ ഓടിച്ചുകയറ്റി നിഷ്‌കളങ്കരെ കൊല്ലാന്‍ പ്രതിയായ 50 വയസുകാരന്‍ സൈക്യാട്രിസ്റ്റിനെ പ്രേരിപ്പിച്ചത് എന്താകാം? അതിനുള്ള ഉത്തരം തേടുകയാണ് പൊലീസ്.

താലേബ് അബ്ദുള്‍ ജവാദെന്നാണ് അക്രമിയുടെ പേര്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൗദി അറേബ്യ സ്വദേശിയാണ്. ഇതുവരെയുള്ള അന്വേഷണത്തില്‍ ഇയാള്‍ക്ക് യാതൊരു തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ഡോക്ടര്‍ ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൃത്യമാണെന്നും ഇയാളെ അറസ്റ്റ് ചെയ്തതിനാല്‍ മറ്റ് ഭീഷണികളൊന്നും നിലനില്‍ക്കുന്നുമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ജര്‍മനിയില്‍ പെര്‍മനന്റ് റെസിഡസ് പെര്‍മിറ്റുള്ളയാളാണ് താലേബ്. ഇയാള്‍ കടുത്ത നിരീശ്വരവാദിയാണ്. കൂടാതെ ഇസ്ലാമിന്റെ കടുത്ത വിമര്‍ശകനുമാണ്. 2019ല്‍ FAZ ഇന്റര്‍വ്യൂ താലേബിനെ ഇസ്ലാമിന്റെ ഏറ്റവും അപകടകാരിയായ വിമര്‍ശകന്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. സൗദി സ്വദേശിയായ ഇയാള്‍ സ്വന്തം രാജ്യം ഭരിക്കുന്നത് ഇസ്ലാമിക ഭരണകൂടമാണെന്ന് പറഞ്ഞാണ് നാടുവിട്ട് ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയത്. മികച്ച സൈക്കോതെറാപ്പിസ്റ്റുകളിലൊരാളായി ജര്‍മനിയില്‍ ഇയാള്‍ പേരുകേട്ടിരുന്നു.

ഇസ്ലാമിനെ വിമര്‍ശിക്കാനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും തുല്യതയ്ക്കുമായി വാദിക്കാനുമാണ് ഇയാള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ശ്രമിച്ചത്. ഒക്ടോബര്‍ ഏഴിന് ശേഷം ഇയാള്‍ തന്റെ സോഷ്യല്‍ മീഡിയ ഫീഡുകള്‍ പലസ്തീന്‍ വിരുദ്ധ, ഇസ്രയേല്‍ അനുകൂല പോസ്റ്റുകള്‍ കൊണ്ട് നിറച്ചു. ജര്‍മനിയിലെ തീവ്രവലതുപാര്‍ട്ടിയായ എഎഫ്ഡിയെ ഇയാള്‍ പിന്തുണച്ചിരുന്നു. ജര്‍മനിയിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ യൂറോപ്പിന്റെ ഇസ്ലാമീകരണത്തിന്റെ പാതയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും പോസ്റ്റുകളിലൂടെ താലേബ് വിമര്‍ശിച്ചിരുന്നതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയുടെ വിദേശകാര്യമന്ത്രാലയം ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.