ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ഉത്തപ്പ സഹ ഉടമയായ സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ട് വിഹിതത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്.
തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് പിഎഫ് തുക പിടിച്ചിട്ടും ഇത് കൃത്യമായി അടച്ചിട്ടില്ലെന്നാണ് പരാതി. 23 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഉത്തപ്പയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. പിഎഫ് റീജ്യണൽ കമ്മിഷണർ എസ്. ഗോപാൽ റെഡ്ഡിയുടേതാണ് ഉത്തരവ്. ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാന്‍ പുലകേശിനഗർ പൊലീസിന് നിർദേശം നൽകിയിന്റെ അടിസ്ഥാനത്തിലാണ് വാറണ്ട് നൽകിയിരിക്കുന്നത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഉത്തപയുടെ പേരിൽ നോട്ടിസ് അയച്ചെങ്കിലും, കൈപ്പറ്റാതെ പിഎഫ് ഓഫിസിൽ തന്നെ തിരിച്ചെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തപ്പ വസതി മാറിയ സാഹചര്യത്തിലാണ് ഇതെന്ന് പറയുന്നു. ഇതേത്തുടർന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.