ജയ്പൂരിലെ ടാങ്കർ അപകടം; മരണം 14 ആയി
രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ഹൈവേയിലുണ്ടായ ടാങ്കർ അപകടത്തിൽ മരണം 14 ആയി. അപകടത്തിൽ പരുക്കേറ്റ 32 പേർ ഗുരുതര വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും.
വെള്ളിയാഴ്ച രാവിലെ, ജയ്പൂർ-അജ്മീർ റൂട്ടിൽ എൽപിജി കയറ്റിയ ടാങ്കറുമായി രാസവസ്തുക്കൾ നിറച്ച ട്രക്ക് കൂട്ടിയിടിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്. ഒന്നിന് പിറകെ ഒന്നായി നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചതും അപകടത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്. 14 പേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും 60 ശതമാനത്തിലധികം പേർക്ക് പൊള്ളലേറ്റതായും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീൽ കുമാർ ഭാട്ടി സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ഭാൻക്രോട്ട തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിക്കുകയും പരുക്കേറ്റവർക്ക് ചികിത്സ നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി ഒരു ഹെൽപ്പ് ലൈൻ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഏകദേശം രണ്ട് ഡസനോളം വാഹനങ്ങൾക്ക് തീപിടിച്ചു, നിരവധി ട്രക്കുകളും ട്രോളികളും കത്തിനശിച്ചു. ഭാൻക്രോട്ടയിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.