KeralaTop News

‘അടി വാങ്ങിക്കുമേ, പണി പഠിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാം’; സാബു ജീവനൊടുക്കുന്നതിന് മുന്‍പ് സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു; ശബ്ദരേഖ പുറത്ത്

Spread the love

കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകനെ സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. സാബു അടി വാങ്ങിക്കുമെന്ന് മുന്‍ ഏരിയ സെക്രട്ടറി സജി പറയുന്ന ശബ്ദരേഖ ലഭിച്ചു. തങ്ങള്‍ സാബുവിനൊപ്പമാണെന്ന് പറയുമ്പോഴും സിപിഐഎം നേതാക്കളില്‍ നിന്ന് സാബുവിന് ഭീഷണിയുണ്ടായെന്നാണ് സാബു ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പുള്ള ഈ ശബ്ദരേഖ തെളിയിക്കുന്നത്. പാര്‍ട്ടി ഓഫിസ് പണിതതിന്റെ പേരില്‍ തനിക്ക് 80 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് ഏരിയ സെക്രട്ടറി പറയുന്നതും പുറത്തുവന്ന ശബ്ദസന്ദേശത്തിലുണ്ട്.

ഭാര്യയുടെ ചികിത്സാവശ്യത്തിനായി താന്‍ സൊസൈറ്റിയില്‍ പണത്തിനായി ചെന്നപ്പോള്‍ ജീവനക്കാരന്‍ ആക്രമിച്ചുവെന്ന് സാബു പറയാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളാണ് തങ്ങളുടെ ആളുകളെ ആക്രമിച്ചതെന്ന് സിപിഐഎം നേതാവ് തര്‍ക്കിക്കാന്‍ ശ്രമിച്ചു. സാബുവിന് തല്ലുകൊള്ളേണ്ട സമയം കഴിഞ്ഞെന്നും തങ്ങള്‍ക്ക് പണി പഠിപ്പിക്കാന്‍ അറിയാമെന്നുമുള്ള ഭീഷണികള്‍ സിപിഐഎം നേതാവ് ഫോണ്‍കോളില്‍ ഉടനീളം ആവര്‍ത്തിച്ചു. തനിക്ക് നേരിട്ട ദുരനുഭവം സാബു പറയാന്‍ ശ്രമിച്ചെങ്കിലും സജി അത് കേള്‍ക്കാനോ വിശ്വസിക്കാനോ തയാറായില്ലെന്നും ശബ്ദരേഖയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് സാബു ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ട് സൊസൈറ്റിയിലെത്തിയപ്പോള്‍ ജീവനക്കാര്‍ മോശമായി പെരുമാറിയതിന് പിന്നാലെയാണ് സാബു ജീവനൊടുക്കിയത്. സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായ പരിശോധനക്ക് വിധേയമാക്കും. പ്രാഥമിക പരിശോധനയില്‍ സാബുവും ജീവനക്കാരും തമ്മില്‍ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണിപ്പോഴുള്ളത്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം നടക്കുക.