സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയറിന് തുടക്കം; നിത്യോപയോഗ സാധനങ്ങള്‍ 5 മുതല്‍ 30% വരെ വിലക്കുറവില്‍
ക്രിസ്മസ് പുതുവത്സര ആഘോഷ നാളുകളില്‍ വിപണി ഇടപെടലുമായി ഭക്ഷ്യവകുപ്പ്. സപ്ലൈകോയുടെ ക്രിസ്മസ് ഫെയറുകള്‍ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സബ്സിഡി സാധനങ്ങള്‍ക്കൊപ്പം ശബരിയുടെയും മറ്റ് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുമാണ് ഫെയറുകളില്‍. ഇന്ന് മുതല്‍ ഡിസംബര്‍ 30 വരെ എല്ലാ ജില്ലകളിലും ഫെയറുകള്‍ പ്രവര്‍ത്തിക്കും.
വന്‍വിലക്കുറവും ഓഫറുകളുമായാണ് സപ്ലൈകോ ക്രിസ്മസ് ഫെയറുകള്‍ തുടങ്ങിയത്. എല്ലാ ജില്ലകളിലും ജില്ലാ ആസ്ഥാനത്തെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് സപ്ലൈകോ ക്രിസ്മസ് ഫെയര്‍ ആയി പ്രവര്‍ത്തിക്കും. 13 ഇന സ്ബസിഡി സാധനങ്ങള്‍ക്ക് പുറമെ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയില്‍ നല്‍കുക. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉത്പന്നങ്ങള്‍ക്കും പ്രത്യേക വിലക്കുറവുണ്ട്. ജനങ്ങള്‍ക്കിടയിലും ആദ്യം ദിനം ക്രി്സമസ് ഫെയറുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ജില്ല ഫെയറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉച്ചയ്ക്ക് രണ്ടര മുതല്‍ നാലുവരെ ഫ്ളാഷ് സെയില്‍ നടത്തും. സബ്സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കുന്ന ഓഫറിനേക്കാള്‍ 10%വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും. രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെയാണ് ഫെയര്‍.