ഇന്ത്യയ്ക്ക് പണി തരാന്‍ നോക്കിയ ട്രൂഡോയുടെ കാല് വാരി സിഖ് കൂട്ടുകാരന്‍, സര്‍ക്കാര്‍ വീഴും
ഇതുമായി ബന്ധപ്പെട്ട് ജഗ്മീത് സിങ് എസ്‌കില്‍ ഒരു കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിബറല്‍സ് മറ്റൊരു ചാന്‍സ് അര്‍ഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്‍ഡിപി വോട്ട് ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു. കനേഡിയന്‍സിന് തങ്ങള്‍ക്ക് അനുകൂലമായൊരു സര്‍ക്കാരിനായി വോട്ട് ചെയ്യാനുള്ള അവസരമൊരുക്കുകയാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യപരിരക്ഷ, ഹൗസിങ്, ജീവിത ചെലവ് തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ട്രൂഡോ സര്‍ക്കാരിന് സാധിച്ചില്ലെന്നും വിമര്‍ശനമുണ്ട്. നിജ്ജാര്‍ കൊലപാതകമടക്കമുള്ള നിരവധി വിഷയങ്ങളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ച ട്രൂഡോയുടെ സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ പോകുന്നത് ഒരു ഇന്ത്യന്‍ വംശജന്‍ തന്നെയാണെന്നതാണ് പ്രധാന വസ്തുത.
ഈ പുതുവര്‍ഷത്തില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ( എന്‍ഡിപി ) നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ ജഗ്മീത് സിങ്. ഈ തീരുമാനത്തോടെ എന്‍ഡിപി ജസ്റ്റിന്‍ ട്രൂഡോയുടെ ന്യൂനപക്ഷസര്‍ക്കാരിനുള്ള പിന്തുണ അവസാനിപ്പിച്ചു.
കണ്‍സര്‍വേറ്റീവുകളും ബ്ലോക്ക് ക്യുബെക്കോയിസും ട്രൂഡോയുടെ രാജിയെ അനുകൂലിച്ചുകൊണ്ട് എന്‍ഡിപിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെടുകയാണെങ്കില്‍ പാസാകാനാണ് സാധ്യത. അതോടെ ട്രൂഡോ നയിക്കുന്ന കനേഡിയന്‍ സര്‍ക്കാര്‍ വീഴും. കണ്‍സര്‍വേറ്റീവ് നേതാവ്പിയര്‍ പോളിയെവ് അടക്കമുള്ള പ്രമുഖര്‍ ട്രൂഡോ പുറത്ത് പോയാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അഭിപ്രായപ്പെടുന്നത്.
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജി വെച്ചിരുന്നു. ഇത് ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയായി. സാമ്പത്തികമായി ഉത്തരവാദിത്തം പുലര്‍ത്തുന്ന നടപടികള്‍ ട്രൂഡോ സ്വീകരിക്കുന്നില്ലെന്നായിരുന്നു ക്രിസ്റ്റിയ ഫ്രീലാന്‍ഡ് വിമര്‍ശിച്ചത്. ഫ്രീലാന്‍ഡിന്റെ രാജിയോടെ 19 ലിബറല്‍ എംപിമാര്‍ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിലെ ലിബറല്‍ പാര്‍ട്ടിയുടെ വിജയത്തില്‍ ട്രൂഡോയുടെ നേതൃത്വമാണ് പ്രധാന തടസമാകുകയെന്നാണ് ടൊറന്റോ എംപി റോബര്‍ട്ട് ഒലിഫാന്റ് അഭിപ്രായപ്പെട്ടത്.
അതേസമയം, രാജിവെയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കകത്തും ഉയരുന്നതിനിടെ ട്രൂഡോ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. എട്ട് പുതിയ മന്ത്രിമാരെ ആണ് നിയമിച്ചത്. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ അഴിച്ച് പണിയില്‍ മന്ത്രി സഭയിലെ മൂന്നില്‍ ഒന്ന് അംഗങ്ങളേയും മാറ്റിയിട്ടുണ്ട് ജസ്റ്റിന്‍ ട്രൂഡോ. വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സൂചന നല്‍കിയവര്‍ക്കാണ് മാറ്റം. സ്വന്തം പാര്‍ട്ടിയില്‍ അടക്കം രാജി ആവശ്യം ശക്തമാവുന്നതിനിടെ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തി പ്രതിസന്ധി മറികടക്കാന്‍ ആണ് ട്രൂഡോ ശ്രമിക്കുന്നത്.