ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പ് ഉള്‍പ്പെടെ 7 വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. നിലവില്‍ കൊടുവള്ളി സ്വദേശി ഷുഹൈബിനെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതിനായി ആരെയൊക്കെ ഉപയോഗിച്ചു എന്നത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണത്തില്‍ കണ്ടെടുത്തും.
ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നും അതിനു വേണ്ടി ഒരു നെറ്റ്വര്‍ക്ക് ഉണ്ടാക്കിയെന്നും ഇത് കാലങ്ങളായി ചെയ്യുന്നതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.
അതേസമയം, എംഎസ് സൊലൂഷന്‍സ് വീണ്ടും ലൈവ് വിഡിയോയുമായി രംഗത്ത് എത്തിയിരുന്നു. ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നത് എന്നാണ് എംഎസ് സൊലൂഷന്‍സിന്റെ വാദം. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള ക്ലാസിനിടെയാണ് ഷുഹൈബിന്റെ വിശദീകരണം.
എസ്എസ്എല്‍സി, പ്ലസ് വണ്‍ പരീക്ഷ ചോദ്യപേപ്പര്‍ യൂട്യൂബ് ചാനലില്‍ സംഭവത്തില്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരുന്നു. പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ പൊലീസ് വിജിലന്‍സും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും കര്‍ശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ നടപടിയും കൈക്കൊള്ളും. അധ്യാപക തസ്തികകള്‍ ഉണ്ടായാല്‍ നിയമിക്കാന്‍ പി എസ് സി ലിസ്റ്റുകള്‍ തന്നെ നിലവില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.