NationalTop News

രാഹുല്‍ ഗാന്ധി എന്റെ അന്തസ്സിനെ മുറിപ്പെടുത്തി ‘,ആ ഉറച്ച സ്ത്രീ ശബ്ദം നാടാകെ ചര്‍ച്ചയാകുന്നു; ആരാണ് ഫാന്‍ഗ്നോണ്‍ കൊന്യാക്?

Spread the love

അംബേദ്കറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷ്ഭുതമായതിനിടെ വളരെയേറെ ചര്‍ച്ചയായത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വന്ന ഗുരുതരമായ ഒരു ആരോപണമാണ്. പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി തന്റെ തൊട്ടടുത്ത് വന്ന് നിന്നതും ശബ്ദമുയര്‍ത്തിയതും തന്നെ വളരെയേറെ അസ്വസ്ഥയാക്കിയെന്ന രാജ്യസഭാ വനിതാ എംപി ഫാന്‍ഗ്നോണ്‍ കൊന്യാക്കിന്റെ പ്രതികരണമായിരുന്നു അത്. രാഹുല്‍ തന്റെ അന്തസ്സിനെ വൃണപ്പെടുത്തിയെന്ന അതിരൂക്ഷമായ വാക്കുകളാണ് കൊന്യാക്ക് ഉപയോഗിച്ചത്. ഒരു പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അംഗമെന്ന നിലയ്ക്കും ഒരു വനിതയെന്ന നിലയ്ക്കും തന്റെ ആത്മവീര്യം തന്നെ കെടുത്തുന്ന വിധത്തിലായിരുന്നു തന്നോടുള്ള രാഹുലിന്റെ പ്രതികരണമെന്നും രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനയച്ച പരാതിയില്‍ ഫാന്‍ഗ്നോണ്ഡ പറഞ്ഞിരുന്നു. രാഹുലിനെതിരായ ആരോപണത്തില്‍ കൊന്യാക്കിനെ പിന്തുണച്ചും വിമര്‍ശിച്ചും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്.

ആരാണ് ഫാന്‍ഗ്നോണ്ഡ?

പുരുഷന്മാര്‍ കൈയാളിയിരുന്ന പലയിടത്തും കസേര വലിച്ചിട്ടിരുന്ന് നിരവധി പദവികളില്‍ ആദ്യ വനിതയെന്ന ബഹുമതികള്‍ സ്വന്തം പേരിനൊപ്പം കൂട്ടിച്ചേര്‍ത്തയാളാണ് ഫാന്‍ഗ്നോണ്ഡ. നാഗാലാന്‍ഡിലെ ബിജെപിയുടെ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷയായ കൊന്യാക് 2022 ഏപ്രിലില്‍ ചരിത്രം കുറിച്ചത് നാഗാലാന്‍ഡില്‍ നിന്നുള്ള രാജ്യസഭയിലെ ആദ്യ വനിതാ അംഗമായാണ്. പാര്‍ലമെന്റിലെ ഏതെങ്കിലും സഭയില്‍ അംഗമാകുന്ന മണിപ്പൂരില്‍ നിന്നുള്ള രണ്ടാമത്തെ വനിതയുമാണ് ഇവര്‍.

കഴിഞ്ഞ വര്‍ഷം ജൂലൈ 17 ന്, എന്‍സിപിയുടെ ഫൗസിയ ഖാന്‍, നോമിനേറ്റഡ് എംപി പി ടി ഉഷ, ബിജെഡിയുടെ സുലത ദിയോ എന്നിവരോടൊപ്പം വൈസ് ചെയര്‍പേഴ്‌സണ്‍മാരുടെ പാനലിലേക്ക് നിയമിക്കപ്പെട്ട ആദ്യ വനിതാ രാജ്യസഭാംഗമായി കൊന്യാക് മാറി. പിന്നീട് അവരുടെ സംസ്ഥാനത്ത് നിന്ന് ഉപരിസഭയില്‍ അധ്യക്ഷയായ ആദ്യ വനിതയായി.

ദിമാപൂര്‍ സ്വദേശിയായ കൊന്യാക് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയ്ക്കുള്ള കമ്മിറ്റിയിലും വടക്കുകിഴക്കന്‍ മേഖലയുടെ വികസന മന്ത്രാലയത്തിനായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷില്ലോങ്ങിലെ നോര്‍ത്ത്-ഈസ്റ്റേണ്‍ ഇന്ദിരാഗാന്ധി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സസിന്റെ വനിതാ ശാക്തീകരണ സമിതിയുടെയും ഭരണസമിതിയുടെയും അംഗവുമാണ് കൊന്യാക്ക്.