കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വീട്ടിൽ ക്രിസ്മസ് ആഘോഷം; പുൽക്കൂടിന് മുന്നിൽ മെഴുകുതിരി കൊളുത്തി മോദി
കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ ഡൽഹിയിലുള്ള വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി മോദി തൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിയെ ജോർജ് കുര്യനും കുടുംബവും പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. കരോൾ സംഘത്തിന്റെ ഗാനവിരുന്നും പരിപാടിയിൽ ഒരുക്കിയിരുന്നു. വീട്ടിലൊരുക്കിയ വർണാഭമായ പുൽക്കൂടിന് മുന്നിൽ പ്രധാനമന്ത്രി മോദി മെഴുകുതിരികൾ തെളിയിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. കേന്ദ്രമന്ത്രിസഭയിൽ ഏക ക്രൈസ്തവ പ്രതിനിധിയാണ് ജോർജ് കുര്യൻ.
കേന്ദ്ര സർക്കാരും ക്രിസ്ത്യൻ സമൂഹവും തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കുന്നതിന്റെ വേദിയായി ആഘോഷ ചടങ്ങ് മാറി. രാഷ്ട്രീയ, മത, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സീറോ മലബാർസഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെയുളളവർ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിക്ക് മാർ ജോർജ്ജ് ആലഞ്ചേരി ഉപഹാരവും നൽകി. ചടങ്ങിൽ ക്രിസ്ത്യൻ സമൂഹത്തിലെ പ്രമുഖരുമായും മോദി സംവദിച്ചു.
കേരളത്തിലെ ബിജെപിയുടെ മുതിർന്ന നേതാവായ ജോർജ് കുര്യന്റെ മന്ത്രിസഭാ പ്രവേശനം തികച്ചും അപ്രതീക്ഷിതമായിരുന്നു. സുരേഷ് ഗോപിയെ കൂടാതെ രാജീവ് ചന്ദ്രശേഖർ കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രിയാകുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ പെട്ടെന്നായിരുന്നു ബിജെപി നേതാവായ ജോർജ് കുര്യന്റെ പേര് കടന്ന് വന്നത്. കേരളത്തിൽ ബിജെപി നടത്താൻ ശ്രമിക്കുന്ന സോഷ്യൽ എഞ്ചിനീയറിംഗ് പദ്ധതിയുടെ ഭാഗമായാണ് ജോർജ് കുര്യന്റെ പേര് കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് വന്നത്.