KeralaTop News

എൻസിപിക്ക് മന്ത്രി ഉറപ്പായാൽ ഉടൻ രാജി, വിവാദങ്ങൾ ചാക്കോ ചർച്ചയാക്കുന്നത് എന്തിനാണ്?; മന്ത്രി എ കെ ശശീന്ദ്രൻ

Spread the love

തോമസ് കെ തോമസ് എൻസിപിയുടെ അടുത്ത മന്ത്രിയാകും എന്നുറപ്പുണ്ടെങ്കിൽ ഉടൻ രാജിവെക്കാൻ തയ്യാറെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തോമസ് കെ തോമസിനെ മന്ത്രി ആക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് അതുകൊണ്ടുതന്നെ അദ്ദേഹത്തെ ധിക്കരിക്കാൻ ഇല്ലെന്നും അതുകൊണ്ടാണ് തോമസ് മന്ത്രിയാകുമെന്ന ഉറപ്പ് തനിക്ക് വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയെ പിൻവലിക്കുന്നത് ഇടതുമുന്നണിയുമായി അകലാൻ ഇടയാക്കും, മുഖ്യമന്ത്രിയെ ധിക്കരിക്കലാകും, അത് പാർട്ടിക്കും മുന്നണിയ്ക്കും ദോഷം ചെയ്യും. എൽഡിഎഫുമായി അകലുന്ന ഒരു രാഷ്ട്രീയ നിലപാടിനോടും തനിക്ക് യോജിപ്പില്ല തന്റെ ഈ അഭിപ്രായങ്ങൾ ദേശീയ അധ്യക്ഷനെ അറിയിച്ചിട്ടുള്ളതാണ്.

ദേശീയ നേത്യത്വം സിപിഐഎം നേത്യത്വവുമായി 17 -ാംതീയതിയാണ് സംസാരിച്ചത്. ആ മീറ്റിങ്ങിൽ പ്രകാശ് കാരാട്ട് ശരത് പവാറിന്റെ കൊടുത്ത മറുപടിയെന്താണെന്ന് ഇതുവരെ ആർക്കും തന്നെ അറിയില്ല. ദേശീയ അധ്യക്ഷന്റെ മറുപടിക്ക് കാത്തിരിക്കുന്നതിന് പകരം സംഘടനയിൽ അതൊരു ചർച്ചയാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. വിവാദങ്ങൾ വെറുതെയാണ്, എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ എന്തിനാണ് ഇത് ചർച്ചയാക്കുന്നത്? പാർട്ടി നേത്യത്വത്തെ അംഗീകരിക്കാൻ തീരുമാനിച്ചതിന് ശേഷം പിന്നീട് തനിക്കെതിരെ ഒരു പടനീക്കത്തിനായി പി സി ചാക്കോ യോഗം വിളിക്കുകയാണ് ഉണ്ടായത്. പാർട്ടിയിൽ മന്ത്രിയുണ്ടാകുമെന്ന ഉറപ്പ് വേണമെന്ന് പറയുന്നവരെ അച്ചടക്കത്തിന്റെ പേരിൽ ഒതുക്കുന്ന നിലപാടിലേക്ക് പി സി ചാക്കോ പോവുകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം. ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐഎം വിലയിരുത്തൽ. മന്ത്രി സ്ഥാനം ലഭിക്കാൻ
ശരത് പവാർ വഴി പാർട്ടി ദേശീയ നേതൃത്വത്തിനുമേൽ സമ്മർദ്ദം ചെലുത്താൻ പി സി ചാക്കോ ശ്രമിച്ചതിൽ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.സംസ്ഥാനത്തെ പാർട്ടിയുടെ നിലപാട് പൊളിറ്റ് ബ്യൂറോ കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ടിനെ അറിയിച്ചു.മന്ത്രി മാറ്റം അനുവദിക്കാത്തതിൽ പി സി ചാക്കോ കടുത്ത അമർഷത്തിലാണ്.