പത്തനംതിട്ട അപകടം; മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും
പത്തനംതിട്ട കൂടൽ മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും. മരിച്ച മത്തായി ഈപ്പൻ, മകൻ നിഖിൽ ഈപ്പൻ മത്തായി,ഭാര്യ അനു ബിജു, അനുവിന്റെ പിതാവ് ബിജു പി ജോർജ് എന്നിവരുടെ മൃതദേഹങ്ങൾ മല്ലശ്ശേരിയിലെ വീടുകളിൽ എത്തിക്കും. എട്ടുമണിയോടെ തൊട്ടടുത്ത പള്ളിയിലെ ഹാളിൽ പൊതുദർശനമുണ്ടാകും.
ഒരു മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകും.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാജ്ഞലി അർപ്പിയ്ക്കാനെത്തും. കഴിഞ്ഞ ഞായറാഴ്ചയാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നു. അനുവും നിഖിലും വിവാഹശേഷം മലേഷ്യയക്കും സിംഗപ്പൂരും ട്രിപ്പ് പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു. പി ജോർജ് , മത്തായി ഈപ്പൻ എന്നിവർ അനുവിനെയും നിഖിലിനെയും വിമാനത്താവളത്തിലെത്തി കൂട്ടാനായി എത്തിയതായിരുന്നു.
നവംമ്പർ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. അപകടത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അനു മരിച്ചത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്. തെലങ്കാന സ്വദേശികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. കാർ എതിർ ദിശയിലെത്തി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയരുന്നു. വിദേശത്തുള്ള ബന്ധുക്കളെത്താൻ വേണ്ടിയായിരുന്നു സംസ്കാരം മാറ്റിവെച്ചത്. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ബിജു പി ജോർജ്ജ് ആണ് കാർ ഓടിച്ചിരുന്നത്.