KeralaTop News

ഒടുവിൽ മഞ്ഞുരുകി; മന്നം ജയന്തി ആഘോഷത്തിൽ രമേശ് ചെന്നിത്തലയെ മുഖ്യപ്രഭാഷകനായി ക്ഷണിച്ച് NSS

Spread the love

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും എൻഎസ്എസും തമ്മിലുള്ള അകൽച്ചയ്ക്ക് വിരാമമാകുന്നു. മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷകനായി രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോൾ എൻഎസ്എസ്. ഇതോടെ കഴിഞ്ഞ 11 വർഷമായി നിലനിന്നിരുന്ന അകൽച്ചയാണ് മായുന്നത്. ജനുവരി ഒന്ന്, രണ്ട് തീയതികളിലായി നടക്കുന്ന മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷകനായി അദ്ദേഹം എത്തുന്നതോടെ എൻഎസ്എസുമായുള്ള പഴയ സ്നേഹബന്ധത്തിലേക്ക് കടക്കുമെന്നുള്ള കാര്യം തീർച്ചയാണ്. മാത്രവുമല്ല വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ച ഈ വിഷയത്തിൽ ഉണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ താക്കോൽ സ്ഥാന പരാമർശം ചെന്നിത്തല തള്ളിപ്പറഞ്ഞതായിരുന്നു അകൽച്ചക്ക് കാരണം. കുറെ നാളുകളായി എൻഎസ്എസ് പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. 2013 ൽ ആയിരുന്നു കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച താക്കോൽ സ്ഥാന വിവാദം. ഉമ്മൻ ചാണ്ടി സർക്കാരിൽ താക്കോൽ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണം എന്ന എൻഎസ്എസ് ജെനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വലിയ വിവാദമായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയില്ല. വിവാദമായതോടെ സുകുമാരൻ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയ്ക്ക് അന്ന് ബോധപൂർവ്വം തള്ളി പറയേണ്ടിവന്നു. ഇതാണ് ചെന്നിത്തലയെ എൻഎസ്എസുമായുള്ള അകൽച്ചയിലേക്ക് നയിച്ചത്.