KeralaTop News

ഹേമ കമ്മിറ്റി റിപ്പോർട്ട്; 50 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈക്കോടതിയിൽ

Spread the love

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും കോടതിയെ അറയിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിയമിക്കുന്ന നോഡല്‍ ഓഫീസര്‍മാര്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരായ പരാതികളും സ്വീകരിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ കേസിന്‍റെ വിശദാംശങ്ങള്‍ കോടതിയെ ധരിപ്പിച്ചത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തില്‍ ഇതുവരെ 50 കേസുകളെടുത്തു. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണ സംഘത്തിനു മൊഴി നല്‍കിയതിന്‍റെ പേരില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ സ്വകാര്യമായ വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുകയോ ചെയ്താല്‍ പരാതി നല്‍കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

നോഡല്‍ ഓഫീസര്‍മാരുടെ അധികാര പരിധി വര്‍ധിപ്പിച്ച കോടതി സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരായ പരാതിയും നോഡല്‍ ഓഫീസര്‍മാര്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ നോഡല്‍ ഓഫീസര്‍മാര്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി അറിയിച്ചു. അതേസമയം, ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.