KeralaTop News

മാസപ്പടി വിവാദം: ‘വിരൽചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്ക്; കോടാനുകോടി കൈക്കൂലി വാങ്ങി; CPIM ജനങ്ങളെ കബളിപ്പിക്കുന്നു’; മാത്യു കുഴൽനാടൻ

Spread the love

മാസപ്പടി വിവാദത്തിൽ എസ്എഫ്‌ഐഒ സിഎംആർഎല്ലിനെതിരെ റിപ്പോർട്ട് സമർപ്പിച്ചതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ആവർത്തിച്ച് പറഞ്ഞ കാര്യങ്ങളിൽ അടിവരയിടുന്ന റിപ്പോർട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടേതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കടലാസ് കമ്പനി വഴി കോടാനുകോടി കൈക്കൂലി വാങ്ങാനുള്ള അവസരം ഒരുക്കി. അവസാനം മുഖ്യമന്ത്രിയിലേക്കാണ് വിരൽചൂണ്ടുകയെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസി നടത്തിയ അന്വേഷണം താൻ ഉന്നയിച്ച ആരോപണങ്ങളിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ജനങ്ങൾക്ക് മുമ്പിൽ പറഞ്ഞ കാര്യങ്ങൾ ആധികാരിക തെളിവായി മാറുന്നതിൽ സന്തോഷം. ബിജെപിയും കേന്ദ്രസർക്കാരും ആഗ്രഹിച്ചാൽ മറച്ചു പിടിക്കാൻ പറ്റാത്ത തരത്തിലുള്ള തെളിവുകൾ പുറത്തുവന്നുവെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

പിണറായിയും കുടുംബവും കൊള്ളനടത്തുന്നുവെന്നത് നിഷേധിച്ച് സിപിഐഎം എതിർത്തുനിന്നു. മന്ത്രിമാരടക്കം പറഞ്ഞകാര്യങ്ങൾ മൂടിവെക്കാൻ ശ്രമിച്ചു. പിണറായിയും കുടുംബവും കൊള്ള നടത്തിയതായി വിശ്വസിക്കാത്തതായി ബാക്കിയുള്ള സിപിഐഎം പാർട്ടിയും പിണറായിയുടെ കുടുംബവും മാത്രമാണ്. സാധാരണ കമ്മ്യൂണിസ്റ്റുകാരടക്കം അഴിമതി നടന്നതായി മനസിലാക്കി. സിപിഐഎം എത്രകാലം ജനങ്ങളെ കബളിപ്പിക്കുമെന്ന് കണ്ടറിയണം. നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി.

മാസപ്പടി കേസിൽ CMRL ന് എതിരെ ഗുരുതര ആരോപണവുമായി SFIO റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയോ എന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ പറയുന്നു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ്എഫ്ഐഒ അറിയിച്ചു. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.

എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാടിൽ അന്വേഷണം പൂർത്തിയായെന്നും എസ്എഫ്ഐഒ ഡൽഹി ഹൈകോടതിയെ അറിയിച്ചു. സിഎംആർഎൽ 184 കോടിയോളം രൂപയുടെ ഇടപ്പാട് എക്സാലോജിക്കുമായി നടത്തി. രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണോ പണം നൽകിയതെന്ന് അന്വേഷിക്കുന്നുവെന്ന് എസ്എഫ്ഐഒ അറിയിച്ചു. എക്സാലോജികുമായി ബന്ധമുള്ള പ്രമുഖ വ്യക്തിക്ക് ആണ് പണം നൽകിയത്. കേസിൽ 23ന് വാദം തുടരും.