‘ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജി’; അമിത് ഷായ്ക്കെതിരെ വിജയ്
ഡോക്ടർ ബി ആർ അംബേദ്ക്കറുമായി ബന്ധപ്പെട്ട അമിത് ഷായുടെ പരാമർശത്തിനെതിരെ തമിഴ് ചലച്ചിത്ര താരവും ടി വി കെ തലവനുമായ വിജയ്. ചിലർക്ക് അംബേദ്കർ എന്ന പേരിനോട് തന്നെ അലർജിയാണെന്നും അംബേദ്കറുടെ പേര് ഓരോ നാവിലും മുഴങ്ങണമെന്നും വിജയ് പറഞ്ഞു. അംബേദ്കറിലൂടെയാണ് ഇന്ത്യൻ ജനത സ്വാതന്ത്ര്യം ശ്വസിച്ചത്. അംബേദ്കറെ അവഹേളിക്കുന്നത് അനുവദിക്കാനാവില്ലെന്നും വിജയ് കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്ക്കർ പരാമർശത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് ബിജെപിയും കേന്ദ്രസർക്കാരും. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. അമിത് ഷായെ പുറത്താക്കിയില്ലെങ്കിൽ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം നടത്തുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അറിയിച്ചു.
ഇതിനിടെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തെത്തി. രാജ്യസഭയിൽ അമിത് ഷാ നടത്തിയ പ്രസംഗം വളച്ചൊടിച്ച് കോൺഗ്രസ് നുണ പ്രചരിപ്പിക്കുന്നെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ‘അംബേദ്കര്‍, അംബേദ്കര്‍ എന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം’ എന്നായിരുന്നു അമിത്ഷായുടെ പരാമര്‍ശം.