Wednesday, December 18, 2024
Latest:
NationalTop News

പുഷ്പ 2 റിലീസ്; തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

Spread the love

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രി. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂർണ്ണമായും കുട്ടി അബോധാവസ്ഥയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മികച്ച ചികിത്സ ലക്ഷ്യമാക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു.

പുഷ്പ 2 റിലീസ് ദിന തലേന്ന് ജനുവരി നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്‍റെ ഭാഗമായി ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുപ്പെട്ടാണ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അപകടത്തില്‍ രേവതിയുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും പരിക്കേറ്റിരുന്നു. ഒമ്പത് വയസുകാരന്‍റെ നില ഗുരുതരമായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്.

അതേസമയം, തീയറ്റര്‍ അപകടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അല്ലു അര്‍ജുന്‍ ജാമ്യത്തിലാണ്. കുട്ടിയെ കാണാൻ പോകാതിരുന്നത് നിയമപ്രശ്‌നങ്ങൾ മൂലമാണെന്ന് അല്ലു അർജുൻ വാർത്താക്കുറിപ്പിലുടെ അറിയിച്ചിരുന്നു. നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്ന് അല്ലു അർജുൻ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിമർശനം ശക്തമായതിന് പിന്നാലെയാണ് അല്ലു അർജുന്‍റെ പ്രതികരണം. കേസ് നിലനിൽക്കുന്നതിനാൽ കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അർജുൻ പറഞ്ഞു. സാധ്യമായാൽ എത്രയും പെട്ടെന്ന് കുട്ടിയെ കാണാൻ എത്തുമെന്നും അല്ലു അർജുൻ വ്യക്തമാക്കിയിരുന്നു.

അതിനിടെ, അപകടത്തില്‍ സന്ധ്യ തിയേറ്ററിന് ഹൈദരബാദ് പൊലീസ് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഗുരുതര വീഴ്ചകൾ സംഭവിച്ചതായി പൊലീസ് അറിയിച്ചു. അല്ലു അർജുൻ എത്തുമെന്ന് പൊലീസിനെ അറിയിച്ചില്ല. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഉണ്ടായിരുന്നില്ല. വാഹനങ്ങളുടെ പാർക്കിങ്ങിനും ക്രമീകരണം ഉണ്ടായിരുന്നില്ല. അനധികൃതമായി ഫ്ളക്സുകൾ സ്ഥാപിച്ച് തടസ്സം ഉണ്ടാക്കി. സ്വകാര്യ സുരക്ഷാ ജീവനക്കാർ പൊതുഗതാഗതം തടസ്സപ്പെടുത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് കാരണംകാണിക്കൽ നോട്ടീസ്. 10 ദിവസത്തിനകം വിശദീകരണം നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.