പറശാല ഷാരോൺ വധക്കേസ്; 323 രേഖകളും, 51 തൊണ്ടിമുതലുകളും; പ്രോസിക്യൂഷൻ തെളിവുകൾ സമർപ്പിച്ചു
പറശാല ഷാരോൺ വധക്കേസ് പ്രോസിക്യൂഷൻ തെളിവുകൾ സമർപ്പിച്ചു. പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ തെളിവിനായി സമർപ്പിച്ചു.പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ ഹാജരായി.
ഷാരോൺ രാജിന്റെ സഹോദരനും മാതാപിതാക്കളും അയൽവാസികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ദൃക്സാക്ഷികൾ ഇല്ലാത്ത ഈ കേസിൽ സാഹചര്യ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്. കേസിൽ ഗ്രീഷ്മ ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ് വിനീത് കുമാർ, അഡ്വ. അൽഫാസ് മഠത്തിൽ, അഡ്വ.നവനീത് കുമാർ വി.എസ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ശനിയാഴ്ച തുടർ വിചാരണ വീണ്ടും നടക്കും.
ഇക്കഴിഞ്ഞ ഒക്ടോബർ 15 നായിരുന്നു ഷാരോൺ കേസുമായി ബന്ധപ്പെട്ട വിചാരണ നെയ്യാറ്റിൻകര അഡീഷണൽ സെ ഷൻസ് കോടതിയിൽ ആരംഭിച്ചത്. കോടതിയിൽ വാദം തുടരുന്നതിനിടെയാണ് ഗ്രീഷ്മക്കെതിരെ ഗുരുതര തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതി ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി വെബ് സെർച്ചിലൂടെ പഠിച്ചെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവർത്തനരീതികളെകുറിച്ചാണ് ഗ്രീഷ്മ വെബ്സെർച്ച് നടത്തിയത്.
ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. 2022 ഒക്ടോബർ 13, 14 തീയതികളിലായാണ് ആൺ സുഹൃത്തായ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തുന്നത്. ഗുരുതരാവസ്ഥയിലായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 2022 ഒക്ടോബർ 25നാണ് മരിച്ചത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ 141 സാക്ഷികൾ ആണുള്ളത്. ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായരും മാതാവ് സിന്ധുവും കൂട്ടുപ്രതികളാണ്. കേസിൽ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു.