പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും; തലച്ചോറിന് തകരാർ സംഭവിച്ചു, ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരം
പുഷ്പ 2ൻ്റെ പ്രീമിയർ ഷോയ്‌ക്കിടെ തീയേറ്ററിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സ്ത്രീയുടെ ചികിത്സയിലുള്ള മകന്റെ നില അതീവ ഗുരുതരം. കുട്ടിയുടെ തലച്ചോറിന് കാര്യമായ തകരാറ് സംഭവിച്ചതായി തെലങ്കാന ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു. തിക്കിലും തിരക്കിലുംപ്പെട്ട് ബോധം കെട്ടു വീണ എട്ടു വയസ്സുകാരൻ ശ്രീ തേജിന് കുറെ സമയത്തേക്ക് ശ്വാസം കിട്ടാതിരുന്നതാണ് തലച്ചോറിലെ കോശങ്ങളുടെ നാശത്തിന് ഇടയാക്കിയത്. കുട്ടിക്ക് ദീർഘ കാല ചികിത്സ വേണ്ടിവരുമെന്നും ഹൈദരാബാദിലെ കിംസ് കഡിൽസ് ഹോസ്പിറ്റൽ ചൊവ്വാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
ശ്രീതേജിന്റെ ശ്വാസോച്ഛ്വാസം സുഗമമാക്കുന്നതിനായി ശ്വാസനാളത്തിലേക്ക് ശസ്ത്രക്രിയയിലൂടെ ഒരു പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ 4 ന് ഓക്സിജൻ ലെവൽ കുറവും ക്രമരഹിതമായ ശ്വസനവുമായ അവസ്ഥയിലായിരുന്നു കുട്ടിയെ കൊണ്ടുവന്നതെന്ന് ആശുപത്രി പ്രസ്താവനയിൽ പറയുന്നു.
ഡിസംബർ 4 ന് പുഷ്പ 2 വിൻ്റെ നായകനായ അല്ലു അർജുൻ പങ്കെടുത്ത പ്രീമിയർ ഷോയ്ക്കിടെയാണ് സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലുംപ്പെട്ട് ശ്രീതേജിന്റെ അമ്മ രേവതി ശ്വാസം മുട്ടി മരിക്കുന്നത്. നടനെ കാണാൻ വൻ ജനക്കൂട്ടം തിയേറ്ററിലേക്ക് തിക്കിക്കയറുകയായിരുന്നു. സംഭവത്തിൽ തിയേറ്റർ മാനേജ്‌മെൻ്റിനും അല്ലു അർജുനും സംഘത്തിനുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം അല്ലു അർജുൻ അറസ്റ്റിലായിരുന്നുവെങ്കിലും തെലങ്കാന ഹൈക്കോടതി നടന് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയക്കുകയായിരുന്നു.