KeralaTop News

താൻ ഒരു സാധാരണ MLA, മന്ത്രിയാകാൻ താൽപ്പര്യമുണ്ട്; അന്തിമ തീരുമാനം ദേശീയ നേതൃത്വം എടുക്കും’, തോമസ് കെ തോമസ്

Spread the love

എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവെക്കുന്നതോടെ അടുത്ത മന്ത്രിയാകാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് തോമസ് കെ തോമസ് എംഎൽഎ. താൻ ഒരു സാധാരണ എംഎൽഎയാണ്, ധാരണയുടെ കാര്യം പറഞ്ഞിരുന്നു മന്ത്രിയാകാൻ തനിക്ക് വലിയ ആഗ്രഹമുണ്ട് എന്നാൽ മന്ത്രി സ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം ദേശീയ നേതൃത്വം എടുക്കുമെന്ന് തോമസ് കെ തോമസ് ട്വന്റി ഫോറിനോട് വ്യക്തമാക്കി. ജൻപദ് 6 ലെ വസതിയിൽ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായുള്ള കൂടികാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മന്ത്രി സ്ഥാനം സംബന്ധിച്ച ധാരണ പാലിക്കാത്തതിലുള്ള അതൃപ്തി ശരത് പവാറിനെ തോമസ് കെ തോമസ് അറിയിച്ചു. ശശീന്ദ്രൻ നേതൃത്വത്തിനോട് വഴങ്ങുന്നില്ലെന്നും അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യമാണ് തോമസ് കെ തോമസ് പവാറിന് മുന്നിൽ വെച്ചത്.

അതേസമയം, മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. അകവും പുറവും പരിശോധിച്ച ശേഷമേ മന്ത്രിയെ മാറ്റുന്നതിൽ എൻസിപി കേന്ദ്ര നേതൃത്വത്തിന് തീരുമാനമെടുക്കാവൂ. മന്ത്രിയെ മാറണം എന്ന് പറയേണ്ടത് വ്യക്തികൾ അല്ല. പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയുമെന്നും ശശീന്ദ്രൻ പറഞ്ഞു. എൻസിപിയുടെ മന്ത്രിയെ മാറ്റുന്നതിൽ മുഖ്യമന്ത്രിയെ ചിലത് ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മറുപടി താൻ കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. ഇതുകൂടി കേന്ദ്രം പരിഗണിക്കും എന്നാണ് കരുതുന്നതെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

ഇന്നലെ കൊച്ചിയിൽ നടന്ന എൻസിപി നേതൃയോഗത്തിൽ വെച്ചാണ് മന്ത്രി സ്ഥാനം ഒഴിയണമെന്ന് പി സി ചാക്കോ,എ കെ ശശീന്ദ്രന് അന്ത്യശാസനം നൽകിയത്. സ്വയം രാജിവെച്ച് ഒഴിയണം. അല്ലെങ്കിൽ പുറത്താക്കേണ്ടി വരുമെന്നായിരുന്നു ചാക്കോയുടെ പരാമർശം.