KeralaTop News

അര്‍ധരാത്രിയിലും നീണ്ട കുട്ടമ്പുഴയിലെ ജനകീയ രോഷത്തിന് മുന്നില്‍ മുട്ടുമടക്കി അധികൃതര്‍; ആവശ്യങ്ങളെല്ലാം അംഗീകരിയ്ക്കാമെന്ന് ജില്ലാ കലക്ടറുടെ ഉറപ്പ്

Spread the love

ആറ് മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കുട്ടമ്പുഴയില്‍ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ എല്‍ദോസിന്റെ മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. സമവായത്തിനെത്തിയ കലക്ടര്‍ എന്‍എസ്‌കെ ഉമേഷിന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന കലക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താല്‍കാലികമായി പ്രതിഷേധം അവസാനിപ്പിച്ചത്.

രാത്രി എട്ടരയോടെയാണ് എല്‍ദോസ് ക്ണാച്ചേരിയിലെത്തിയത്. വീട്ടിലേയ്ക്കുള്ള യാത്രയില്‍ ആനയുടെ ആക്രമണം. മൃതദേഹം ഛിന്നഭിന്നമായി. ഒന്‍പത് മണിയോടെ, നാട്ടുകാര്‍ സംഘടിച്ചെത്തി. മൃതദേഹം എടുക്കാന്‍ അനുവദിയ്ക്കാതെ പ്രതിഷേധം. ഫെന്‍സിങ്,ട്രഞ്ചിങ്, തെരുവു വിളക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ കുറിച്ച് രൂക്ഷമായി പ്രതികരിച്ചു.

റേഞ്ച് ഓഫിസറും പൊലിസുമൊക്കെ സ്ഥലത്തെത്തിയെങ്കിലും മന്ത്രിയെത്താതെ പ്രതിഷേധം അവസാനിപ്പിയ്ക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പന്ത്രണ്ട് മണിയോടെ കലക്ടര്‍ എന്‍എസ്‌കെ ഉമേഷും ആന്റണി ജോണ്‍ എംഎല്‍എയും സ്ഥലത്തെത്തി. മൃതദേഹം എടുക്കാന്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാതെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിയ്ക്കില്ലെന്ന് നാട്ടുകാരും. പിന്നാലെ മൃതദേഹം മാറ്റാന്‍ പൊലിസിന്റെ ശ്രമം. എന്നാല്‍ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ സംഘര്‍ഷവുമുണ്ടായി.

പിന്നീട് നാട്ടുകാരുമായും എല്‍ദോസിന്റെ വീട്ടുകാരുമായും ചര്‍ച്ച നടത്തി. ആവശ്യങ്ങളെല്ലാം അംഗീകരിയ്ക്കാമെന്ന് കലക്ടറുടെ ഉറപ്പ് നല്‍കി. കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര സഹായം. ട്രഞ്ചിങ് ഇന്ന് ആരംഭിയ്ക്കും. സോളാര്‍ ഫെന്‍സിങ് ശനിയാഴ്ചയ്ക്കകം തുടങ്ങും. തെരുവുവിളക്കുകള്‍ അഞ്ചു ദിവസത്തിനകം സ്ഥാപിയ്ക്കും. ആര്‍ആര്‍ടിയ്ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തും. അങ്ങനെ എല്ലാം കലക്ടര്‍ അംഗീകരിച്ചു. നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

പുലര്‍ച്ചെ രണ്ട് മണിയോടെ കലക്ടര്‍ എല്‍ദോസിന്റെ കുടുംബത്തിന് ചെക്ക് കൈമാറി. തുടര്‍ന്നാണ് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ആവശ്യങ്ങള്‍ നടപ്പാകുന്നത് വരെ പ്രതിഷേധം തുടരാനാണ് ജനകീയ സമിതിയുടെ തീരുമാനം. ഇന്ന് ഹര്‍ത്താലും പ്രതിഷേധ സംഗമവും നടത്തും.