കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; പൊലീസുമായി ഉന്തും തള്ളും, സംഘര്‍ഷം
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംസ്കൃത ഡിപ്പാർട്ട്മെന്‍റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാർ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാതെ പൊലീസ് വിട്ടയച്ചതിനെതിരെ ഗവർണർ പൊട്ടിത്തെറിച്ചു.
കേരള സർവകലാശാല സംസ്കൃത വിഭാഗം സംഘടിപ്പിച്ച സെമിനാറിനിടെയാണ് ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. വിസി നിയമനത്തിൽ ഗവർണർ സ്വന്തം നിലയിൽ തീരുമാനമെടുക്കുന്നതിലും സർവകലാശാല യൂണിയൻ്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകാത്തതിലുമായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പരിപാടി നടന്ന സെനറ്റ് ഹാളിലേക്ക് എസ്എഫ്ഐക്കാർ തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
രണ്ട് വട്ടം ജലപീരങ്കി പ്രയോഗിച്ച് പ്രധാന ഗേറ്റിൽ പ്രവർത്തകരെ തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ ഗേറ്റ് കടന്ന് സെമിനാർ ഹളിനടുത്തേക്ക് നീങ്ങുകയായിരുന്നു. പൊലീസ് ഹാളിന്‍റെ ജനലും വാതിലുമടച്ച് പ്രതിഷേധക്കാരെ തടഞ്ഞതോടെ സംഘർഷമായി. പ്രതിഷേധം കഴിഞ്ഞതോടെ പ്രവർത്തകർ പ്രകടനമായി പൊലീസിന് മുന്നിലൂടെ പുറത്തേക്ക് പോയി.
എസ്എഫ്ഐയെയും പൊലീസിനെയും വിമർശിച്ചായിരുന്നു ഗവർണ്ണറുടെ പ്രതികരണം. ഗവർണ്ണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തോട് പൊലീസ് മൃദുസമീപനം സ്വീകരിക്കുകയാണെന്ന പരാതി നേരത്തെ രാജ്ഭവനുണ്ട്. ഇന്നത്തെ സംഭവത്തിൽ ഗവർണ്ണർ കൂടുതൽ കടുപ്പിക്കാൻ സാധ്യതയുണ്ട്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലേക്ക് എത്തുന്നത്. വി സി നിയമനങ്ങളില്‍ ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനം എടുക്കുന്നുവെന്നാണ് ഇടതുപക്ഷ സംഘടനകളുടെ ആരോപണം.