Top NewsWorld

ജോർജ്ജിയയിലെ ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിൽ 12 പേർ മരിച്ച നിലയിൽ; 11 പേരും ഇന്ത്യാക്കാർ

Spread the love

ജോർജിയയിലെ ഗുദൗരിയിൽ പ്രശസ്തമായ സ്കീ റിസോർട്ടിലെ ഇന്ത്യൻ ഭക്ഷണശാലയിൽ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്ന് 2,200 മീറ്റർ ഉയരത്തിലുള്ളതാണ് ഗുദൗരി. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നു. മരിച്ചവരെല്ലാം ഇന്ത്യൻ ഭക്ഷണശാലയിലെ ജീവനക്കാരെന്നാണ് തബ്ലിസിലെ ഇന്ത്യൻ എംബസി അറിയിക്കുന്നത്.

ഹോട്ടലിലെ രണ്ടാം നിലയിലെ മുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മുറിവുകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് ജോർജിയ പൊലീസ് അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തിയ മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയെന്ന് ജോർജിയയിലെ ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിറക്കി. അടച്ചിട്ട ചെറിയ മുറിക്കകത്താണ് എല്ലാവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കകത്ത് വിശ്രമിച്ച സമയത്ത് മരണം സംഭവിച്ചുവെന്നാണ് നിഗമനം.

അതേസമയം സംഭവം കൂട്ട കൊലപാതകമാണോയെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എങ്കിലും ജനറേറ്ററിൽ നിന്നുയർന്ന പുക ശ്വസിച്ചാവാം 12 പേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം പുരോ​ഗമിക്കുന്നതായും ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുവെന്നും ജോർജിയയിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണ ശാലയുടെ രണ്ടാം നിലയിലാണ് ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കിയത്.