KeralaTop News

കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; കുട്ടമ്പുഴയില്‍ ജനകീയ ഹര്‍ത്താല്‍

Spread the love

കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്ന് കുട്ടമ്പുഴ പഞ്ചായത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകിട്ട് മൂന്നുമണിക്ക് കോതമംഗലത്ത് പ്രതിഷേധ സംഗമവും നടക്കും.

ഇന്നലെ രാത്രി നാടകീയമായ സംഭവങ്ങളാണ് എല്‍ദോസിന്റെ മരണത്തെ തുടര്‍ന്ന് അരങ്ങേറിയത്. പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിക്കുകയും മൃതദേഹം മാറ്റാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ചര്‍ച്ചകള്‍ക്കൊടുവില്‍ നാട്ടുകാരുടെ ആവശ്യങ്ങളില്‍ ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കിയതോടെ പ്രതിഷേധം താല്‍ക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചു.

ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടില്‍ എല്‍ദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. എല്‍ദോസിനെ മരിച്ച നിലയില്‍ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ആന തിരികെ കാട്ടിലേക്ക് പോയതായാണ് സൂചന.

പ്രതിഷേധം തുടങ്ങി ഏഴ് ണിക്കൂര്‍ പിന്നിട്ടപ്പോഴാണ് നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലടക്കം നാട്ടുകാര്‍ക്ക് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയത്. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. ഇതില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താല്‍ക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്. പ്രദേശത്ത് ട്രഞ്ച് നിര്‍മാണം ഇന്ന് തുടങ്ങും. 27-ാം തീയതി കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.