NEET പരീക്ഷ ക്രമക്കേട്; ഉന്നതതല സമിതി റിപ്പോർട്ട് സുപ്രിംകോടതിക്ക് കൈമാറി; JEE പരീക്ഷകൾ CBT മോഡലിൽ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രിംകോടതിക്ക് കൈമാറി. 101 നിർദേശങ്ങളാണ് കെ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിലുള്ളത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ മാറ്റം വേണമെന്ന് സമിതി നിർദേശിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇതനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിച്ച് പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി
നീറ്റ് പരീക്ഷ പേനയും പേപ്പറും ഉപയോഗിച്ചുള്ളത് നടത്തണോ, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് (സിബിടി) മാറണോ എന്നതിൽ മന്ത്രാലയം ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു. അന്വേഷണ ഏജൻസികളായും വിദ്യാർത്ഥികളുമായും മറ്റ് ഉദ്യോഗസ്ഥരുമായും മുപ്പതോളം സിറ്റിംഗ് കമ്മിറ്റി നടത്തിയിരുന്നു. പരീക്ഷാ മേഖലയിൽ സൈബർ കുറ്റകൃത്യങ്ങൾ വെല്ലുവിളിയാണ്. കെ രാധാകൃഷ്ണൻ സമിതി ഒക്ടോബർ 21ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അടുത്ത അധ്യയന വർഷത്തിൽ 15 കോടി പുസ്തകങ്ങൾ എൻസിഇആർടി പ്രസിദ്ധീകരിക്കും. എആർപി നിരക്കിൽ പുസ്തകങ്ങൾ വിൽക്കാൻ ആമസോണുമായും ഫ്ലിപ്കാർട്ടുമായും ധാരണപത്രം ഒപ്പുവച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. അടുത്ത അദ്ധ്യാന വർഷം മുതൽ NTA ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുവെന്ന് കേന്ദ്രമമന്ത്രി പറഞ്ഞു. പരാതി പരിഹാര സെല്ല് രൂപീകരിക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്. പരീക്ഷകൾ കമ്പ്യൂട്ടർ അഡാപ്റ്റീവ് ടെസ്റ്റിലേക്കും സാങ്കേതികവിദ്യാധിഷ്ഠിത പ്രവേശന പരീക്ഷകളിലേക്കും മാറാൻ സർക്കാർ ആലോചിക്കുന്നുണ്ട്. 2025 ൽ എൻടിഎ ഉടച്ചുവാർക്കുമെന്നും കേന്ദ്രമമന്ത്രി പറഞ്ഞു.