ചോദ്യപേപ്പർ ചോർന്ന സംഭവം; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന്
ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന് ചേരും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്.
ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എം എസ് സൊല്യൂഷൻ സിഇഒ ഷുഹൈബ് വ്യക്തമാക്കി. ഓണ പരീക്ഷ ചോദ്യപേപ്പർ ചോർന്നപ്പോൾ പാെലീസ് വിളിപ്പിച്ചിരുന്നു. മലപ്പുറം പോലീസിൽ അതുമായി ബന്ധപ്പെട്ട മൊഴി നൽകിയിട്ടുണ്ട്. അതിനിടെ സംഭവത്തിൽ എംഎസ് സൊല്യൂഷൻസിനെതിരെ പൊലിസ് ഇന്ന് കേസെടുത്തേക്കും.
കെ.എസ് യു വും ,എ ഐ വൈ എഫും, ഡിഡിഇയും പോലീസിൽ പരാതി നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന ഉള്ളടക്കമാണ് ചാനലിൻ്റേത് എന്ന് ചൂണ്ടികാട്ടിയാണ് എഐവൈഎഫ് പരാതി നൽകിയത്. ഈ വിഷയത്തിൽ കൊടുവള്ളിയിലെ എം എസ് സൊല്യൂഷൻസിൻ്റെ ഓഫിസിലേക്ക് എ ഐ വൈ എഫ് ഇന്ന് പ്രതിഷേധ മാർച്ചും. സ്ത്രീത്വത്തിന് എതിരല്ലന്നും കുട്ടികളെ അച്ചടക്ക ബോധം പഠിപ്പിക്കുകയാണ് ചെയ്തതെന്നും ഷുഹൈബ് യൂട്യൂബ് ചാനലിലൂടെ വിശദീകരിച്ചു.