മണിയാർ കരാർ നീട്ടൽ; സർക്കാരിലെ ഭിന്നത പുറത്ത്, കരാർ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്‍റെ നിലപാടെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബിയുമായി 30 വർഷത്തെ കരാർ പൂർത്തിയാക്കിയ മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ സര്‍ക്കാര്‍ തലത്തിലെ ഭിന്നത മറനീക്കി പുറത്ത്. മണിയാര്‍ പദ്ധതിയുടെ കരാര്‍ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്‍റെ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കരാര്‍ നീട്ടണമെന്ന വ്യവസായ വകുപ്പിന്‍റെ നിലപാട് അന്തിമ തീരുമാനം ആയില്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കരാര്‍ നീട്ടുന്നതിൽ വ്യവസായ വകുപ്പിനും വൈദ്യുതി വകുപ്പിനും രണ്ട് അഭിപ്രായമാണെന്നതാണ് മന്ത്രിയുടെ വിശദീകരണത്തിലൂടെ വ്യക്തമാവുന്നത്.
മണിയാർ പദ്ധതി ഏറ്റെടുക്കണം എന്നാണ് വൈദ്യുതി ബോർഡിന്‍റെ അഭിപ്രായമെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു. എന്നാൽ, കാർബോറണ്ടത്തിന് കരാർ നീട്ടി നൽകണം എന്നാണ് വ്യവസായ വകുപ്പിന്‍റെ നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കും. വൈദ്യുതി ചാർജ് വർദ്ധന ഇനി വേണ്ടി വരില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ദീർഘകാല കരാർ റദ്ദാക്കിയത് പുനസ്ഥാപിക്കാൻ സുപ്രീം കോടതിയെ സമീപിച്ചു. വാദം പൂർത്തിയായി. അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി പ്രതികൂലമെങ്കിൽ മാത്രം ചാർജ് വർധനവിനെ കുറിച്ച് ആലോചനയുള്ളുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി മന്ത്രി നിലപാട് വ്യക്തമാക്കിയതോടെ കരാര്‍ നീട്ടലിലെ അഴിമതി വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.