കൊടകര കുഴല്‍പ്പണക്കേസ്: തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍ രഹസ്യ മൊഴിയായി രേഖപ്പെടുത്തി
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍ രഹസ്യ മൊഴിയായി രേഖപ്പെടുത്തി. കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് മൊഴി രേഖപ്പെടുത്തിയത്. രഹസ്യ മൊഴിയെ അടിസ്ഥാനപ്പെടുത്തി അന്വേഷണം വിപുലപ്പെടുത്താന്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണത്തിന്റെ ഭാഗമായാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പ്രത്യേകസംഘം നേരത്തെ തിരൂര്‍ സതീഷിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് വെളിപ്പെടുത്തല്‍ രഹസ്യമൊഴിയായി നല്‍കിയത്.
ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചാക്കുകെട്ടുകളില്‍ ആറരക്കോടി രൂപ എത്തിച്ചു എന്നായിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. പണം എത്തിച്ച ധര്‍മ്മരാജ് നേരത്തെ ഓഫീസില്‍ എത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തി. പിന്നീട് ഇലക്ഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന ആളാണെന്ന് പേരില്‍ ധര്‍മ്മരാജനെ തനിക്ക് നേതാക്കള്‍ പരിചയപ്പെടുത്തിയെന്നുമായിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടര്‍ അന്വേണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. സതീഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.