NationalTop News

അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടത് നെഹ്‌റുവെന്ന് നിര്‍മലാ സീതാരാമന്‍; അദ്ദേഹത്തിന്റെ പേരിലുള്ള യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചതിനാലാണ് ഇംഗ്ലീഷ് നല്ലതെന്ന് ഖര്‍ഗെ

Spread the love

രാജ്യസഭയിലെ ഭരണഘടന ചര്‍ച്ചയില്‍ കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തെയും കടന്നാക്രമിച്ച് ധന മന്ത്രി നിര്‍മല സീത രാമന്‍. അഭിപ്രായസ്വാതന്ത്ര്യത്തില്‍ കൂച്ചുവിലങ്ങിട്ട് തുടങ്ങിയത് നെഹ്‌റുവിന്റെ കാലത്ത് എന്ന് നിര്‍മ്മല പറഞ്ഞു. സ്ത്രീ ശാക്തീകരണം യാഥാര്‍ത്ഥ്യമാക്കിയത് മോദി ഭരണത്തിലെന്നും ധനമന്ത്രി പറഞ്ഞു.

മനുസ്മൃതി നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ തിരിച്ചടിച്ചു. ഭരണ ഘടന അപകടത്തിലെന്നും ഖര്‍ഗെ പറഞ്ഞു. ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച ആരോപണങ്ങളുടെ തുടര്‍ച്ചയാണ് രാജ്യസഭയില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നിന്നും കേട്ടത്. 1951 ലെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അഭിപ്രായസ്വാതന്ത്ര്യം ഭേദഗതി ചെയ്തത് മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ ഓരോ ഭേദഗതികളും നിര്‍മ്മല സീതാരാമന്‍ എണ്ണിയെണ്ണി പറഞ്ഞു.സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ നിരത്തിയ ധനമന്ത്രി,വനിതാ സംവരണ ബില്ല് കൊണ്ടുവന്നത് ബിജെപിയെന്നും കോണ്‍ഗ്രസിന്റെ നയം സ്ത്രീവിരുദ്ധതയെന്നും വിമര്‍ശിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയില്‍ പഠിച്ചത് കൊണ്ട് നിര്‍മ്മല സീതാരാമന്റെ ഇംഗ്ലീഷ് ഹിന്ദിയും മികച്ചതെന്നും, എന്നാല്‍ കയ്യിലിരുപ്പ് ശരിയല്ലെന്നും മല്ലികാര്‍ജ്ജുന്‍ ഖര്‍ ഗെ യുടെ മറുപടി. ആര്‍എസ്എസിന്റെ നിയമസംഹിതയായ മനുസ്മൃതി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭരണപക്ഷം സോഷ്യലിസം പഠിപ്പിക്കേണ്ടേന്നും ഖര്‍ഗെ പറഞ്ഞു. എന്‍ഡിഎ സഖ്യകക്ഷികളും ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചപ്പോള്‍, വനിത ശാക്തീകരണം അവകാശപ്പെടുന്ന ആര്‍എസ്എസിന് ബിജെപിക്ക് ഇതുവരെ ഒരു വനിത മേധാവി ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം കൊണ്ടാണ് മുകള്‍ വാസ്‌നിക് ഭരണപക്ഷത്തെ നേരിട്ടത്. നാളെയും തുടരുന്ന ചര്‍ച്ചകള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയും.