ബ്രിസ്‌ബേനിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; ഓസീസിന് കൂറ്റന്‍ സ്കോര്‍, ആശ്വാസമായി മഴ
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ബ്രിസ്‌ബേനില്‍ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 445ല്‍ ഒതുക്കി. ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നാലിന് 48 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ തകര്‍ത്തത്. വിരാട് കോലി (3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
കെ എല്‍ രാഹുല്‍ (30) ക്രീസിലുണ്ട്. രോഹിത് ശര്‍മയാണ് (0) കൂട്ട്. നേരത്തെ, ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യന്‍ പേസര്‍മാരില്‍ തിളങ്ങിയത്. ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101), അലക്സ് ക്യാരി (70) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ഇന്ന് രണ്ടാം തവണയാണ് മത്സരം മഴ കളി മുടക്കുന്നത്. ആദ്യ തവണ മഴയ്ക്ക് ശേഷം മത്സരം ആരംഭിച്ചപ്പോള്‍ റിഷഭ് പന്തിന്റെ (9) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങുന്നത്. യശസ്വി ജയ്സ്വാളിന്റെ (4) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്.
114 പന്തില്‍ ഹെഡ് പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയിലെത്തിയപ്പോള്‍ 185 പന്തിലാണ് സ്മിത്ത് ഇന്ത്യക്കെതിരായ പത്താമത്തെയും കരിയറിലെ 33-ാമത്തെയും ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന ജോ റൂട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സ്മിത്തിനായി.